ആലപ്പാട് എന്ന ഗ്രാമ ഇല്ലാതാവുകയാണ് എന്ന് നമ്മൽ ഓരോ മലയാളികളും ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകൾ നടത്തിയ ഇടപെടലുകളാണ് വർഷങ്ങളായി ഒരുകൂട്ടം ആളുകൾ സ്വന്തം നാട്ടിൽ ജീവിച്ചു മരിക്കുന്നതിനായി നടത്തുന്ന സമരത്തെ മുഖ്യധാരാ ചർച്ചാ വിഷയമാക്കി മാറ്റിയത്.
ആലപ്പാട്ടെ പ്രശ്നം എന്തെന്ന് മനസിലാക്കാൻ ആ നാടിന്റെ കഴിഞ്ഞ കുറച്ചുകാലത്തെ ചിത്രങ്ങൾ ഒരുമിച്ചുവച്ച് നോക്കിയാൽ മതിയാകും. കര ഇല്ലാതാകുന്നു. കരയിലേക്ക് കടൽ കയറി കായലിലേക്ക് ചേരാൻ തയ്യാറെടുക്കുന്നു. ആലപ്പാട് എന്ന പ്രദേശത്തിന്റെ നല്ലൊരു പങ്കും ഇപ്പോൾ കടൽവെള്ളത്തിനടിയിലായിരിക്കുന്നു.
കരിമണൽ ഒരു റിസോഴ്സ് തന്നെയാണ്. അക്കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ അതിന് രാജ്യത്തെ പൌരൻമാരെക്കാൾ വില കൽപ്പിക്കുന്നത് ശരിയായി കാണാൻ കഴിയില്ല. കരിമണലിനായി കുഴിച്ച ഇടങ്ങൾ ഒരോന്നും കടലിന്റെ ഭാഗമായി മാറിയത് വലിയ വീഴ്ച തന്നെയാണ്.
മത്സ്യത്തൊഴിലാളികളാണ് 90 ശതമാനം ആലപ്പാട്ടുകാരും. അവരുടെ ജീവിതമാർഗവും ജീവിക്കാനുള്ള അവകശവും വർഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്നു, ഇല്ലാതാക്കപ്പെടുന്നു. ആലപ്പാട് കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിൽ വിഘടനവാദികൾ കടന്നുകയറിയിട്ടുണ്ട് എന്നും സമരത്തെ അനുകൂലിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് എന്നുമാണ് സമരങ്ങളെ പ്രതിരോധിക്കാനായി പ്രധാനമായും ഉയരുന്ന വാദം.
ഇക്കാര്യവും തള്ളിക്കളയാൻ ആവില്ല. ഇത്തരം സമരങ്ങളിൽ കടന്നുകയറി മറ്റു ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നത് വിഘടനവാദികളുടെ രീതി തന്നെയാണ്. ഒരു സമരം ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി മുതലെടുക്കാനും ആളുകൾ ഉണ്ടാകും. പക്ഷേ ആലപ്പാട്ടെ ജനങ്ങളുടെ ആവശ്യവും അവരുടെ ഭീതിയും ഇവിടെ പ്രധാനമാണ്.
ആലപ്പാട് പോലെയുള്ള ഒരു പ്രദേശത്ത് കരിമണൽ ഖനനം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയാൽ പ്രദേശ വാസികളുടെ ആവശ്യം തെറ്റാണെന്ന് ആർക്കും പറയാൻ സാധിക്കില്ല. കടലിലെ ജലനിരപ്പിൽ ചെറുതായി ഉണ്ടാകുന്ന വ്യത്യാസങ്ങൾ പോലും പ്രശ്നങ്ങൾക്ക് കാരണമാകും. ചെറിയ കടൽക്ഷോപങ്ങൾ പോലും വലിയ അപകടങ്ങളിലേക്ക് നീങ്ങും.
സമരത്തിൽ വിഘടനവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടാകാം. സമരത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നവരും ഉണ്ടാകാം പക്ഷേ സമരക്കാരുടെ ആവശ്യങ്ങൾ ന്യായമകുമ്പോൾ സമരത്തിനെതിരെയുള്ള ഇത്തരം വിമർശനങ്ങൾക്ക് മുനയില്ലാതാകും.