ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഡിഗ്രി വിദ്യാർത്ഥിനിയായ രാധിക(22)യാണ് ആത്മഹത്യ ചെയ്തത്. രാധികയുടെ ആത്മഹത്യാവിവരം അറിഞ്ഞതും ഭാവിവരൻ വിഗ്നേഷും (22) ജീവനൊടുക്കി.
സംഭവത്തിൽ രാധികയുടെ നാട്ടുകാരനും ദളിത് യുവാവുമായ പ്രേം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാധികയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് പ്രേം കുമാർ ഫോട്ടോകളെടുത്തത്. ഇത് മോർഫ് ചെയ്തശേഷം സോഷ്യൽ മീഡിയകളിലും നാട്ടിലും ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
രാധിക ആത്മഹത്യ ചെയ്തതോടെ പ്രതിയായ പ്രേം കുമാർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് രണ്ട് യുവാക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, രാധികയോടും വിഘ്നേഷിനോടുമുള്ള പക തീർക്കുകയായിരുന്നു പ്രേം കുമാറെന്നാണ് ബന്ധുക്കൾ പറയുന്നത്.
വിഗ്നേഷിന്റേയും രാധികയുടേയും വിവാഹം തീരുമാനിച്ചിരുന്നതാണ്. വിഗ്‌നേഷ് ഒരു ഓൺലൈൻ ഷോപ്പിൽ വർക്ക് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപ് പ്രേം കുമാർ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതിക്കെതിരെ മൊഴി നൽകിയത് വിഘ്നേഷ് ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. തന്നെ കുടുക്കിയത് വിഘ്നേഷിനോട് പക തീർക്കാനാണ് പ്രേം കുമാർ രാധികയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
ചിത്രങ്ങൾ പ്രചരിച്ചതിനു ശേഷം ഇരുവരുടെയും കൂടുംബങ്ങൾ ഇടപെട്ട് പ്രതി ഈ ഫോട്ടോകളെല്ലാം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, തനിക്കും കുടുംബത്തിനുമേറ്റ മാനനഷ്ടത്തെ ഓർത്താണ് രാധിക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, രാധികയുടെ ആത്മഹത്യ അറിഞ്ഞ് വിഘ്നേഷ് പ്രേം കുമാറിനെ കാണാൻ ചെന്നിരുന്നുവെന്നും ഇവരും തമ്മിൽ വാൿതർക്കമുണ്ടായി പ്രേം കുമാർ വിഘ്നേഷിനെ കൊല ചെയ്യുകയായിരുന്നുവെന്നാണ് ഇവരുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പ്രേമിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.