തിരുവനന്തപുരം: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകനെ കോടതി 86 വർഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു.
തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന സിദ്ധിഖി (25)നെയണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതിയായ മദ്രസ അധ്യാപകൻ തൊളിക്കോട് കരിബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഷമീറി(29)നെ കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.
2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിലെ 15കാരൻ ഉള്‍പ്പെടെ 5 കുട്ടികളാണ് പ്രതികള്‍ക്കെതിരെ നെടുമങ്ങാട് പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തു. എന്നാല്‍, പ്രതികളുടെ സമ്മർദത്തെ തുടർന്ന് വിസ്താര വേളയില്‍ പരാതിക്കാരായ മറ്റ് നാലു കുട്ടികളും കൂറുമാറി. പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തു.
എന്നാല്‍ ഈ കേസിലെ കുട്ടി മാത്രം എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് തനിക്കുണ്ടായ ലൈംഗിക ഉപദ്രവം കോടതിയില്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.