നാലുവയസുകാരിയെ അധ്യാപകൻ മാനഭംഗത്തിനിരയാക്കി - സംഭവം കൊല്‍ക്കത്തയിലെ പ്രമുഖ സ്കൂളില്‍
നാലുവയസുകാരിയെ അധ്യാപകൻ മാനഭംഗത്തിനിരയാക്കി - സംഭവം കൊല്‍ക്കത്തയിലെ പ്രമുഖ സ്കൂളില്‍
സ്കൂളിനുള്ളിൽ വച്ച് നാലുവയസുകാരിയെ കായികാധ്യാപകൻ മാനഭംഗത്തിനിരയാക്കി. പശ്ചിമ ബംഗാളിലെ പ്രമുഖ സ്കൂളിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കായികാധ്യാപകനെ ജാഥവ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണ കൊൽക്കത്തയിലെ പ്രമുഖ സ്കൂളായ ജിഡി ബിര്‍ളാ സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം ക്ലാസില്‍ ആരുമില്ലാതിരുന്ന സമയത്ത് അധ്യാപകന് കുട്ടിയെ ശുചിമുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൂട്ടിക്കൊണ്ടു പോകാന്‍ അമ്മ എത്തിയപ്പോള്‍ കുട്ടി സ്വകാര്യ ഭാഗങ്ങാളില്‍ വേദനയെടുക്കുന്നുവെന്നു പറഞ്ഞു കരഞ്ഞു. വസ്ത്രത്തിൽ രക്തം കണ്ടതോടെ സംശയം തോന്നിയ മാതാവ് നടത്തിയ പരിശോധനയിലാണ് പീഡനവിവരമറിയുന്നത്.
കുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ച ശേഷം മാതാപിതാക്കള്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപകന് പീഡിപ്പിച്ച വിവരം കുട്ടി വ്യക്തമാക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ ബന്ധുക്കൾ സ്കൂളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകനെ എത്രയും വേഗം സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.