ഇടുക്കി: തമിഴ്‌നാട്ടിലെ ഇരട്ടക്കൊലക്കേസ് പ്രതി ഇടുക്കിയിൽ പിടിയിലായി. തമിഴ്‌നാട് ഉസലംപെട്ടി എരുമപ്പെട്ടി വെള്ളച്ചാമി എന്ന 73 കാരനെ കട്ടപ്പന ഡി.വൈ.എസ്.പി യുടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇരട്ടക്കൊല കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിൽ ഇറങ്ങി മുങ്ങിയ വെള്ളച്ചാമി കാൽ നൂറ്റാണ്ടിനുശേഷമാണ് വണ്ടന്മേട് മാലിയിൽ നിന്ന് ഇപ്പോൾ പിടിയിലായത്.
1984 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളുടെ മാതൃസഹോദര പുത്രിയെ സ്നേഹിച്ചു വിവാഹം ചെയ്യുകയും സ്വത്ത് തർക്കം ഉണ്ടാവുകയും ചെയ്തതിന്റെ പേരിൽ വരശനാട് കരമലക്കുണ്ടിൽ വച്ച് ബന്ധുക്കളായ രണ്ടു യുവാക്കളെ വെള്ളച്ചാമിയുടെ നേതൃത്വത്തിലുള്ളവർ കുത്തിയും വെട്ടിയും കൊലപ്പെടുത്തി.
കേസിൽ 13 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ വെള്ളച്ചാമിയെ 1992ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇയാളെ മധുര സെൻട്രൽ ജയിലിലാണ് അടച്ചിരുന്നത്. 1997 ൽ ഇയാൾ പരോളിൽ പുറത്തിറങ്ങിയപ്പോൾ ഒളിവിൽ പോയി. എന്നാൽ പോലീസ് വ്യാകമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തമിഴ്‌നാട് അതിർത്തി പ്രദേശമായതിനാൽ കട്ടപ്പനയിലെ പോലീസിനും വിവരം ലഭിച്ചു.
കട്ടപ്പന പോലീസ് നടത്തിയ അന്വേഷണത്തിൽ വണ്ടന്മേട് മേഖലയിലെ മാലി ഇഞ്ചപ്പടപ്പിലെ ഏലക്കാട്ടിൽ ഒന്നര വർഷമായി വേലുച്ചാമി എന്നൊരാൾ തൊഴിലാളിയായി ജോലി ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് ഇയാളാണ് പരോളിൽ ഇറങ്ങി മുങ്ങിയ വെള്ളച്ചാമി എന്നു കണ്ടെത്തിയത്. പ്രതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി.