കൊല്ലം ഇളവൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ദേവനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ദേവനന്ദയെ കണ്ടെത്തുന്നതിനായി എല്ലാ സംവിധാനങ്ങളും സർക്കാർ ഉപയോഗപ്പെടുത്തി. കാണാതായത് കുതൽ മൃതദേഹം കണ്ടെത്തുന്നത് വരെ ശക്തവും കൃത്യവുമായ തിരച്ചിലാണ് പൊലീസ് നടത്തിയത്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലേ പൊലീസിനു നീങ്ങാനാവൂ. അടിയൊഴുക്കുള്ള സ്ഥലമാണ് ആ ബണ്ട്. ഈ സ്ഥലത്ത് പത്തുവർഷത്തിനുള്ളിൽ അഞ്ചുപേർ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടതെല്ലാം പെൺക്കുട്ടികളാണ്. ചുരുക്കത്തിൽ അപായകരമായ സ്ഥാനമാണിത്.
അതേസമയം, ദേവനന്ദയുടേത് മുങ്ങിമരണമായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വയറ്റിൽ ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. മരണം എങ്ങനെ സംഭവിച്ചുവെന്നറിയാൻ ഫോറൻസിക് സംഘം ബുധനാഴ്ച സ്ഥലം സന്ദർശിക്കാനെത്തും. മുങ്ങിമരണമാണെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ മുങ്ങിമരണങ്ങളും മുങ്ങിയാകണമെന്നില്ല. മുക്കി പിടിച്ചാലും മതി.
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ കൊലക്കേസ് അതിനൊരു ഉദാഹരണമാണ്. കെവിന്റേത് മുങ്ങിമരണം അല്ലായെന്ന് വ്യക്തമായ തെളിവുകൾ കിട്ടിയതും അങ്ങനെയാണ്. കെവിന്റേത് പോലെ വലിയ കോളിളക്കം ഉണ്ടാക്കിയില്ലെങ്കിലും പാലക്കാട് ഉണ്ടായിരുന്ന ഒരു കേസും ഇത്തരത്തിൽ പിന്നീട് തെളിയിക്കപ്പെട്ടതാണ്.
പാലക്കാടുള്ള ഒരു കോളജ് ഹോസ്റ്റലിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നിൽ ഫോറൻസിക് പരിശോധകരായിരുന്നു. അത്തരത്തിൽ ദേവനന്ദയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ ഫോറെൻസിക് സംഘത്തിന് കഴിയുമെന്നാണ് കരുതുന്നത്.
ഹോർമിസ് തരകൻ ഡിജിപി ആയിരുന്ന കാലത്താണ് ആ സംഭവം നടന്നത്. ഹോസ്റ്റലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർത്ഥിയെ കണ്ടെത്തിയത്. മരിച്ച വിദ്യാർഥിയുടെ അച്ഛനും അമ്മയും പ്രവാസികളായിരുന്നു. നീന്തൽ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള മകൻ ഒരിക്കലും നീന്തൽ കുളത്തിൽ മുങ്ങിമരിക്കില്ലെന്ന മാതാപിതാക്കളുടെ ഉറച്ച വിശ്വാസമാണ് കേസന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപിയെ പ്രേരിപ്പിച്ചത്.
വിശദമായ ഫോറൻസിക് പരിശോധനയും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയും വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. അന്നനാളത്തിലെയും ആമാശയത്തിലെയും ജലസാന്നിധ്യമായിരുന്നു മുങ്ങിമരണമാണെന്ന് ആദ്യം പറയാൻ കാരണം. ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ ശരീരത്ത് ക്ഷതങ്ങൾ ഒന്നും കണ്ടെത്തിയതും ഇല്ല. റീ പോസ്റ്റ്മോർട്ടത്തിൽ തലയോട്ടിയിലും വൃക്കയിലും ക്ഷതമേറ്റിരുന്നു എന്ന് കണ്ടെത്തി. ഈ കണ്ടെത്തൽ കേസന്വേഷണത്തിൽ ഏറെ നിർണായകമായി.
പിന്നീട് ആണ് സീനിയർ വിദ്യാർത്ഥികൾ റാഗിങ് ചെയ്ത വിഷയം പുറത്തറിയുന്നത്. സഹിക്കാൻ കഴിയാതെ വന്നപ്പോൾ വിദ്യാർത്ഥി അവരിൽ ഒരാളെ കയ്യേറ്റം ചെയ്തു. ഇത് ഒടുവിൽ കൊലപാതകത്തിൽ എത്തി. ആറംഗ സംഘം അടങ്ങുന്ന അവർ കുട്ടിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കും മുതുകിലും അടിച്ചു. അടിയുടെ ആഘാതത്തിൽ ബോധരഹിതനായി വീണ വിദ്യാർത്ഥിയെ മണിക്കൂറുകൾക്ക് ശേഷം മരിച്ചെന്ന് തെറ്റിധരിച്ച് നീന്തൽ കുളത്തിലെറിഞ്ഞു. ഇതാണ് സംഭവിച്ചത്. തുടർന്ന് ക്രിമിനൽ സംഘത്തിലെ ആറുപേരും അറസ്റ്റ് ചെയ്യപ്പെട്ടു.