ആന്ധ്രയെ ഏറെക്കാലമായി ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഒരു സൈക്കോ കില്ലര്‍ പിടിയിലായി. തമിഴ്നാട് സ്വദേശിയായ മുനിസ്വാമി എന്നയാളെയാണ്‍ പൊലീസ് സാഹസികമായി വലയിലാക്കിയത്. വളരെ വിചിത്രമായ കൊലപാതകരീതികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയതാണ് മുനിസ്വാമിയുടെ ചരിത്രം.
1992 മുതല്‍ ആന്ധ്രയില്‍ മോഷണം നടത്തി വരികയായിരുന്നു മുനിസ്വാമി. 2000ന് ശേഷം അയാള്‍ക്ക് മനോരോഗം ബാധിച്ചു. അതിന് ശേഷമാണ് മുനിസ്വാമി കൊലപാതകം തുടങ്ങുന്നത്. ഞെട്ടിക്കുന്ന രീതികളാണ് കൊലപാതകത്തിനായി മുനിസ്വാമി സ്വീകരിച്ചത്. അയാളെ കണ്ടാല്‍ ഒരു കൊലപാതകിയാണെന്നോ സങ്കീര്‍ണമായ മനോനിലയുള്ള ആളാണെന്നോ തോന്നുകയില്ലായിരുന്നു.
മുനിസ്വാമിയുടെ ചില രീതികള്‍ ഇങ്ങനെയാണ്. ഏതെങ്കിലും വീട്ടിലേക്ക് കടന്നുചെന്ന് വിശക്കുന്നു എന്ന് പറയും. അവര്‍ ഭക്ഷണം കൊടുക്കാന്‍ വിസമ്മതിച്ചാല്‍ ആ വീട്ടിലുള്ളവരെ എല്ലാം കൊലപ്പെടുത്തും. വിചിത്രമായ രീതിയിലാണ് കൊലപാതകം. കഴുത്തില്‍ കടിച്ചാണ് കൊലപ്പെടുത്തുന്നത്. അതോ കൊലപ്പെടുത്തിയ ശേഷം കഴുത്തില്‍ കടിച്ച് രക്തം കുടിക്കുന്നതാണോ എന്നതിലും വ്യക്തതയില്ല.
കൊലപാതകങ്ങള്‍ക്ക് ശേഷം ആ വീട്ടില്‍ നിന്ന് ഭക്ഷണം പാചകം ചെയ്ത് കഴിച്ചിട്ട് ആവശ്യമായ പണം മാത്രമെടുത്ത് സ്ഥലം വിടുന്നതാണ് രീതി. പണം മാത്രമാണ് അപഹരിക്കുന്നത്. സ്വര്‍ണം എടുക്കാറില്ല.
രണ്ടുപേരെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഒരു പ്രായമുള്ള സ്ത്രീയെയും രണ്ടുവയസുള്ള ഒരു കുട്ടിയെയുമാണ് കൊലപ്പെടുത്തിയത്. ഇടിച്ചുകൊല്ലാന്‍ ഉപയോഗിച്ച കല്ല് മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്നുതന്നെ കണ്ടെത്തിയിരുന്നു. ആ കല്ലില്‍ പതിഞ്ഞ കൈരേഖ ആധാരമാക്കിയാണ് മുനിസ്വാമിയെ തിരിച്ചറിഞ്ഞത്.
2017ല്‍ മാത്രം എട്ട് കൊലപാതകങ്ങള്‍ മുനിസ്വാമി നടത്തിയെന്നാണ് കണക്ക്. നിസാരമായ കാരണങ്ങള്‍ക്ക് കൊല ചെയ്യുന്ന രീതിയാണ് മുനിസ്വാമിയുടേത്. ഭക്ഷണത്തിന് മാത്രമല്ല, ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് കൊടുക്കാത്തതിനാല്‍ ഒരാളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 200 രൂപ ചോദിച്ചിട്ട് നല്‍കാത്തതിനാലും ഒരാളെ കൊലപ്പെടുത്തിയതായാണ് വിവരം.
ആന്ധ്രയിലെ നെല്ലൂരില്‍ നാട്ടുകാരെ ഏറെക്കാലമായി ഭീതിയിലാഴ്ത്തിയിരുന്നതാണ് മുനിസ്വാമിയുടെ സാമീപ്യം. എപ്പോള്‍ ഏതുസമയം വേണമെങ്കിലും മുനിസ്വാമിയുടെ ആക്രമണമുണ്ടാകാം എന്ന് അവര്‍ ഭയന്നിരുന്നു. എന്തായാലും ഇപ്പോള്‍ മുനിസ്വാമി അറസ്റ്റിലായത് അവര്‍ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്.