Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആദ്യം ബുമ്ര, പിന്നെ സിറാജ് അവസാനം മോൺസ്റ്റർ ഷമിയും, ശ്രീലങ്ക തവിടുപൊടി

ആദ്യം ബുമ്ര, പിന്നെ സിറാജ്  അവസാനം മോൺസ്റ്റർ ഷമിയും, ശ്രീലങ്ക തവിടുപൊടി
, വ്യാഴം, 2 നവം‌ബര്‍ 2023 (20:57 IST)
ഏകദിന ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ചതച്ചരച്ച് ഇന്ത്യന്‍ ടീം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയെ 4 റണ്‍സിന് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോലി ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ വന്ന ശ്രേയസ് അയ്യരും നിര്‍ദ്ദയമായാണ് ലങ്കന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്തത്. 10 ഓവറില്‍ 5 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും 80 റണ്‍സാണ് ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്ക വിട്ടുനല്‍കിയത്.
 
എന്നാല്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിന് സമാനമായി രണ്ടക്കം തികയും മുന്‍പ് തന്നെ 4 വിക്കറ്റുകള്‍ നഷ്ടമായി. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസങ്കയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ദിമുത് കരുണരത്‌നെ,സമരവിക്രമ, കുശാല്‍ മെന്‍ഡിസ് എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി.
 
ടീം സ്‌കോര്‍ 14 റണ്‍സിലെത്തി നില്‍ക്കെ കഴിഞ്ഞ മത്സരങ്ങളില്‍ പേസ് ബൗളിംഗ് കൊണ്ട് തീ തുപ്പിയ ഷമിയും ഇന്ത്യയ്ക്ക് വേണ്ടി രംഗത്തെത്തി. അതുവരെ സിറാജാണ് കളം ഭരിച്ചിരുന്നതെങ്കില്‍ പിന്നീട് ശ്രീലങ്കന്‍ ദഹനത്തിന്റെ ഊഴം ഷമി തന്നെ ഏറ്റെടുത്തു. 24 പന്തില്‍ ഒരു റണ്‍സുമായി നിന്ന ചരിത് അസലങ്ക പുറത്ത്. പിന്നാലെ ദുഷന്‍ ഹേമന്തയെയും ദുഷ്മന്ത ചമീരയേയും അതിവേഗത്തില്‍ പുറത്താക്കികൊണ്ട് ഷമി ശ്രീലങ്കയ്ക്ക് നേരെ ആഞ്ഞടിച്ചു. ദുഷ്മന്ത ചമീര പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ വെറും 22 റണ്‍സിന് 7 വിക്കറ്റ്.
 
12 റണ്‍സുമായി ശ്രീലങ്കയെ നാണക്കേടില്‍ നിന്നും കരകയറ്റാന്‍ ശ്രമിച്ചിരുന്ന വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസായിരുന്നു ഷമിയുടെ അടുത്ത ഇര. ഇതോടെ ടീം സ്‌കോര്‍ 29ന് 8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഒന്‍പതാം വിക്കറ്റില്‍ മതീഷ തീഷ്ണയും കസുന്‍ രജിതയും ചേര്‍ന്നാണ് 40 റണ്‍സ് എന്ന കടമ്പ ശ്രീലങ്കയെ കടത്തിയത്. 12 റണ്‍സുമായി തീക്ഷണ പുറത്താകാതെ നിന്നപ്പോള്‍ കസുന്‍ രജിതയെ 14 റണ്‍സില്‍ നില്‍ക്കെ ഷമി പുറത്താക്കി. ഇതോടെ മത്സരത്തില്‍ 5 വിക്കറ്റ് സ്വന്തമാക്കാന്‍ ഷമിക്ക് സാധിച്ചു. രവീന്ദ്ര ജഡേജയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിവീസിന്റെ അപ്രതീക്ഷിത വീഴ്ച, സെമി സാധ്യതകള്‍ സജീവമാക്കി മറ്റ് ടീമുകള്‍