ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും പിന്നാലെ ശക്തരായ ഓസ്‌ട്രേലിയേയും കീഴടക്കി മുന്നേറുന്ന വിരാട് കോഹ്‌ലിക്കും സംഘത്തിനും തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പരുക്കേറ്റു പുറത്ത്.
ഓസ്ട്രേലിയക്കെതിരായ മൽസരത്തിനിടെ ബൗൺസർ പതിച്ച് ഇടത് കൈവിരലിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായ സാഹചര്യത്തിൽ കുറഞ്ഞത് മൂന്ന് ആഴ്ചത്തേക്ക് ധവാന് കളത്തിലിറങ്ങാനാകില്ല.
ഈ മാസം നടക്കേണ്ട ലോകകപ്പ് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകും. ന്യൂസീലൻഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മൽസരം. തുടര്‍ന്നുള്ള പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകും.
ധവാനു പകരക്കാരനായി പുതിയൊരാളെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയക്കും. ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്.
ധവാന്‍ കളിക്കാതിരുന്നാല്‍ ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്ത് എത്തിയേക്കും. വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ ടീമില്‍ അവസരം ലഭിക്കുകയും ചെയ്യും. ഇംഗ്ലീഷ് പിച്ചുകളിലെ മത്സര പരിചയം കണക്കിലെടുത്ത് രവീന്ദ്ര ജഡേജ ടീമില്‍ എത്താനും സാധ്യതയുണ്ട്.
പരുക്കിനെ തുടര്‍ന്ന് ഓസീസിനെതിരായ മത്സരത്തില്‍ ധവാന്‍ ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്ത്.