ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം മഹേന്ദ്ര സിംഗ് ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ലോകകപ്പിലെ അവസാന മത്സരത്തിന് ശേഷം ധോണി വിരമിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്.
ഇന്ത്യക്ക് രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫിയും സമ്മാനിച്ച സൂപ്പര്‍താരം കളി മതിയാക്കുമെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി ധോണി നേരിട്ട് രംഗത്തുവന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും എപ്പോള്‍ വിരമിക്കണമെന്ന് തനിക്കറിയില്ല എന്നാണ് ധോണി പറഞ്ഞത്. “ ക്രിക്കറ്റ് മതിയാക്കുന്ന കാര്യം ഞാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന്‍ മുമ്പ് ഞാന്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്“ - എന്നായിരുന്നു മുന്‍ ക്യാപ്‌റ്റന്‍ എബിപി ന്യൂസിനോട് പറഞ്ഞത്.
ലോകകപ്പിന് ശേഷം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ബിസിസിഐയിലെ ഒരു വക്താവ് വെളിപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെയാണ് ഈ വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചൂടുപിടിച്ചത്.
ലങ്കയ്‌ക്കെതിരായ മത്സരത്തിന്‍ മുമ്പ് താന്‍ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്ന ധോണിയുടെ പ്രതികരണം മുന്‍ താരങ്ങളെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.
ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങളില്‍ മെല്ലപ്പോക്ക് നടത്തിയെന്ന് ആരോപിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിരേന്ദര്‍ സെവാഗ് എന്നിവര്‍ രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ധോണി ഇപ്പോള്‍ നല്‍കിയതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.