ലോകകപ്പിൽ ഇന്ത്യയ്ക്കേറ്റ ആദ്യ തോൽവിയുടെ ഉത്തരവാദിയെ കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലായിരുന്നു കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽ മീഡിയ. ഒടുവിൽ ഭൂരിഭാഗം ആളുകളും കുറ്റം ഒരാളിൽ മാത്രം ഒതുക്കി, മഹേന്ദ്രസിംഗ് ധോണി. ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായൻ. പതുക്കെ കളിച്ച ധോണിയും ജാദവുമാണ് കുറ്റക്കാരെന്ന് ഏവരും വിധിയെഴുതി. എന്നാൽ, ചുരുക്കം ചിലർ മാത്രം തുടക്കം മുതൽ ആക്രമിച്ച് കളിക്കാതിരുന്ന ഓപണിങ് ബാറ്റ്സ്മാൻമാരെ മുതൽ വൻ സ്കോർ വിട്ടുകൊടുത്ത ബോളര്‍മാരെ വരെ വിമർശിക്കുന്നുണ്ട്.
ഇന്ത്യയുടെ തോൽവിക്ക് കാരണം ധോണിയല്ലെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി ആണെന്നും വിശകലനം നടത്തിയിരിക്കുകയാണ് കോഴിക്കോട് സ്വദേശി ലിജീഷ് കുമാര്‍. കോലിയെന്ന ബാറ്റ്സ്മാനല്ല, മറിച്ച് കോലിയെന്ന ക്യാപ്റ്റനാണ് ഇംഗ്ലണ്ടിനെതിരെ തെറ്റു പറ്റിയതെന്ന് ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:
എല്ലാ തോൽവിക്കുമെന്ന പോലെ ഇതിനും ഒരുത്തരവാദിയുണ്ട്, അത് ഈ മനുഷ്യനല്ല !!
........................................................................
ഇംഗ്ലണ്ടിനോട് തോറ്റ് ധോണിയും കേദാർ ജാദവും തലകുനിച്ച് മടങ്ങുമ്പോൾ, ഒരാൾ ഗ്രൗണ്ടിലേക്കിറങ്ങി വന്നു. ഇന്റർനാഷണൽ മാധ്യമങ്ങളുടെ ഫ്ലാഷുകൾ തുരുതുരാ മിന്നി. കമന്റേറ്ററുടെ മൈക്കിന് മുന്നിൽ അയാൾ പുഞ്ചിരിച്ച് നിന്നു, തോറ്റ ക്യാപ്റ്റൻ - വിരാട് കോഹ്ലി. ഒറ്റവാക്കിൽ അയാളുടെ കണ്ടെത്തൽ കഴിഞ്ഞു, ''ബാറ്റ്സ്മാൻമാർ കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു.'' നിങ്ങളോ എന്ന് കേൾവിക്കാരൻ അയാളോട് ചോദിച്ചില്ല. ബോളർമാരോ എന്നും ചോദിച്ചില്ല. പ്രിയപ്പെട്ട വിരാട് കോലീ, സത്യത്തിൽ താങ്കൾക്കല്ലേ തെറ്റ് പറ്റിയത്. കുറച്ച് കൂടെ ഉത്തരവാദിത്തം കാണിക്കേണ്ടിയിരുന്നത് താങ്കളല്ലേ ?
ഇന്ത്യൻ ടീമിന്റെ ഗെയിം പ്ലാൻ തീരുമാനിക്കുന്നത് ആരാണ്, നിങ്ങളോ ശാസ്ത്രിയോ ? കുൽദീപും ചാഹലും കാണിച്ച ഉദാര മനസ്കത കൊണ്ട് ഇന്ത്യക്ക് മറികടക്കാനുണ്ടായിരുന്നത് 338 റൺസ്, ഒരിന്ത്യൻ ബോളറുടെ റൺദാനത്തിൽ ചാഹൽ റെക്കോഡിട്ട ദിവസമായിരുന്നു ഇന്നലത്തേത്. ക്രീസിൽ രാഹുലും രോഹിത്തും. ഒമ്പത് ബോളിൽ പൂജ്യം റണ്ണെടുത്ത് ഇന്ത്യ പുതുതായി കണ്ടെത്തിയ ഓപ്പണർ കെ.എൽ.രാഹുൽ മടങ്ങി, നിങ്ങൾ വന്നു. ആദ്യ പവർപ്ലേയിൽ നിങ്ങളും രോഹിത് ശർമയും നേടിയത് 28 റൺസ് ! അമ്പത് ഓവർ വരേക്കും റിക്വയേർഡ് റൺറേറ്റ് 11 - 12 ആക്കാൻ കഴിഞ്ഞ പത്തോവറുകൾ. പക്ഷേ സെറ്റായാൽ - സ്റ്റാൻഡ് ചെയ്ത് കളിച്ചാൽ റൺറേറ്റുയർത്താമെന്ന് തെളിയിക്കുന്നതായിരുന്നു അടുത്ത ഓവറുകളിൽ നിങ്ങൾ ഉണ്ടാക്കിയ കൂട്ടുകെട്ട്.
രോഹിത് സെഞ്ച്വറിയിലേക്കടുക്കുമ്പഴാണ് നിങ്ങൾ പുറത്താകുന്നത്. തുടർന്ന് വരുന്ന ഓവറുകളിൽ രോഹിത് അടിച്ച് കളിച്ചോളുമെന്ന സ്ഥിതിയുള്ളപ്പോൾ ഋഷഭ് പന്തിനെ ഗ്രൗണ്ടിലിറക്കാനുള്ള തീരുമാനം ശരിയായിരുന്നോ ? ധോണിയെ അല്ലെങ്കിൽ കേദാർ ജാദവിനെ സ്റ്റാൻഡ് ചെയ്യാനിറക്കാതിരുന്നത് എന്തുകൊണ്ടാണ് ? പന്തിന് സ്റ്റാൻഡ് ചെയ്ത് കളിക്കാനുള്ള അവസരം കൊടുക്കണമെന്ന് നിങ്ങൾ തീരുമാനിച്ച് കാണും. ശരി, അയാൾ ഇറങ്ങി. പിന്നെ രാഹുൽ വീണു. അടിച്ച് കളിക്കാൻ ഋഷഭ് പന്ത് ക്രീസിലുള്ളപ്പോൾ സ്റ്റാൻഡ് ചെയ്ത് കളിക്കുന്ന പ്ലേയറെ ഇറക്കേണ്ട നാലാം നമ്പറിൽ ഹർദിക് പാണ്ഡ്യയെ ഇറക്കിയതിന്റെ ന്യായീകരണമെന്താണ്.
രണ്ടടി കൊണ്ട ശേഷം ഷൂ അഴിച്ച് കെട്ടിയാണ് വോക്സ് പാണ്ഡ്യയുടെ കോൺസൻട്രേഷൻ പോക്കിയത്. അവസാന ഓവറുകളിൽ അടിച്ച് പൊട്ടിക്കേണ്ട പന്തും പാണ്ഡ്യയും മടങ്ങിക്കഴിഞ്ഞ് ക്രീസിൽ നിൽക്കേണ്ടവരായിരുന്നോ ധോണിയും ജാദവും ? ആഞ്ഞടിച്ച് അവരുടെ വിക്കറ്റ് വീണാൽ പിന്നെ ക്രീസിലെത്തേണ്ടത് കുൽദീപും ഷമിയുമാണ്. തങ്ങൾ വീണാൽ മുന്നൂറ് പോലും കാണാതെ ഓൾ ഔട്ടായിത്തീരുമെന്ന തോന്നലിൽ ധോണിയും യാദവും ശ്രദ്ധിച്ച് കളിക്കാൻ നിർബന്ധിക്കപ്പെടുമെന്ന് ഉറപ്പാണ്. 338 റൺസ് ചേസീത ടീം ആകെ അടിച്ചത് ഒരു സിക്സാണ്, അതടിച്ചത് ധോണിയാണ്. സ്റ്റാൻഡീത് കളിക്കാൻ സമയം കൊടുത്തിരുന്നെങ്കിൽ അത്തരം രണ്ടോ മൂന്നോ സിക്സറുകൾ അയാളടിച്ചേനേ. ഏകദിനത്തിൽ ഏറ്റവും പ്രധാനപ്പെട്ട 7 - 8 പൊസിഷനിൽ കളിക്കാൻ ഇന്ത്യൻ ടീമിന് ഏത് കളിക്കാരനാണുള്ളത് ?
''അവസാനമാവുമ്പഴേക്കും പിച്ച് ഭയങ്കര സ്ലോ ആയിരുന്നു.'' - രോഹിത് ശർമ്മ / പ്രസ് മീറ്റ്. ബാറ്റിങ്ങിന് അനുകൂലം ആയ സമയങ്ങളിൽ തുഴഞ്ഞിട്ട് പിച്ച് സ്ലോ ആയ അവസാന ഓവറുകളിൽ ധോണി തോൽപ്പിച്ചു എന്ന് മുറവിളിക്കുന്നതിന്റെ യുക്തി എന്താണ് ? അവരോടാണ്, ആദ്യ പത്തോവറിലെ ബാറ്റിംഗ് പവർപ്ലേയിൽ ഔട്ട്ഫീൽഡിലെ (outside the 30-yard circle) ഫീൽഡർമാർ രണ്ട് പേരാണ്. പിന്നെ 40 ഓവർ വരെ മാക്സിമം 4 ഫീൽഡർമാർ കാണും. അവനാന 10 ഓവറിൽ 5 ഫീൽഡർമാരാണ് ഔട്ട് ഫീൽഡിലുണ്ടാവുക. പൊങ്ങി വരുന്ന ബോളും കാത്ത് രണ്ട് പേർ നിന്ന നേരങ്ങളിൽ ഒറ്റബോളും പൊക്കിയടിക്കാത്ത ലോകോത്തര ബാറ്റ്സ്മാൻമാരെ നോക്കി ഒരു വിസിലെങ്കിലുമടിച്ച ശേഷം അഞ്ചാൾ നിന്ന നേരത്ത് സിക്സർ പൊക്കിയ മനുഷ്യനെ നമുക്ക് കൂകി വിളിക്കാം. ആ ഒരു സിക്സർ മതിയായിരുന്നോ എന്ന ചോദ്യം ന്യായമാണ്. ഹർദിക് പാണ്ഡ്യയും ഋഷഭ് പന്തും വന്ന് തകർക്കേണ്ട ഓവറുകളിൽ വിക്കറ്റ് കളയാതെ നെറ്റ് റൺറേറ്റുയർത്താൻ വിധിക്കപ്പെട്ട മഹേന്ദ്ര സിംഗ് ധോണിയല്ല അതിന് മറുപടി പറയേണ്ടത്, അയാളുടെ മുമ്പിൽ മറ്റ് വഴികളില്ലായിരുന്നു.
300 കടന്നിരുന്നു, തോറ്റത് 31 റണ്ണിനാണ്. എങ്കിലും തോൽവി തോൽവി തന്നെ. കോലീ, ഈ തോൽവി നിങ്ങളുടെ പിഴയാണ്. നിങ്ങളെന്ന സക്സസ്ഫുൾ ബാറ്റ്സ്മാനോടല്ല - നിങ്ങളെന്ന ക്യാപ്റ്റനോടാണ് ഈ പരാതി. എതിരാളികൾക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നു. ബാറ്റിംഗ് ഓർഡറിലോ ബോളിംഗ് ഓർഡറിലോ ഫീൽഡിംഗ് പൊസിഷനിലോ ഏതിലാണ് നിങ്ങളിന്നലെ പ്ലാൻഡായിരുന്നത്. തുടർജയങ്ങളുടെ ആലസ്യം ടീമിനെ ബാധിച്ചിട്ടുണ്ടാകണം, അതുകൊണ്ട് ഈ തോൽവി നല്ലതുമാണ്. പക്ഷേ ധോണിയുടെ മേൽ കുറ്റമാരോപിച്ചല്ല യുവരക്തങ്ങളെ ചൂടുപിടിപ്പിക്കേണ്ടത്. മഹേന്ദ്രസിംഗ് ധോണി നല്ല ഫിനിഷറായിരുന്നു, അങ്ങനെ അയാളെ ഉപയോഗിച്ച കാലങ്ങളിലെല്ലാം.