‘പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞല്ല... പുളിച്ച വീഞ്ഞാണ് ധോണി’; മുന്‍ നായകന്‍ ടീം ഇന്ത്യയില്‍ നിന്ന് പുറത്തേക്കോ ?
പഴയ വീഞ്ഞ്,പഴയ കുപ്പി; ധോണി പ്രഭാവം മങ്ങുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മാന്‍ ഓഫ് ദ് മാച്ചുമായിരുന്നു മുന്‍ നായകന്‍ ധോണി. എന്നാല്‍ പരമ്പരയിലെ നാലാം മത്സരത്തില്‍ ആമയിഴച്ചില്‍ നടത്തി നേടിയ അര്‍ധസെഞ്ചുറിയ്ക്കും ഇന്ത്യയെ വിജയവര കടത്താന്‍ കഴിഞ്ഞില്ല. അതേതുടര്‍ന്ന് മുന്‍നായകനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി ആളുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞല്ല, മറിച്ച് പുളിച്ച വീഞ്ഞാണ് ധോണിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ക്രിക്കറ്റില്‍ പ്രതിഭകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും പഞ്ഞമില്ലാത്ത കാലമാണിത്. മാത്രമല്ല യുവാക്കളായ ഒട്ടേറെ ആളുകളാണ് അവസരം കാത്തു ഇന്ത്യന്‍ ടീമിന്റെ വാതില്‍പ്പടിയില്‍ നില്‍ക്കുന്നത്. എങ്കില്‍ പിന്നെ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയെ എന്തിനാണ് വീണ്ടും ചുമക്കുന്നതെന്നാണ് ഇപ്പോള്‍ വിമര്‍ശകരുടെ ചോദ്യം. ഒരു കാലത്ത് ഏറ്റവും മികച്ച ഫിനിഷര്‍ എന്ന് പേര് കേള്‍പ്പിച്ച വ്യക്തിയാണ് ഇന്ത്യയുടെ ഈ മുന്‍ നായകന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ടീമിന് ബാദ്ധ്യതയായി മാറുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
സഞ്ജു സാംസണെപ്പോലെയുള്ള മികച്ച വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ധോണിയെ ടീമിന് വേണോ എന്നാണ് സംശയം. ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ പോലും ധോണി ആക്രമണോത്സുകത കാട്ടിയില്ലെന്നതിന്റെ തെളിവാണ് ഇന്നിങ്‌സിലെ ഒരു ബൗണ്ടറി. മറുവശത്ത് ഹാര്‍ദിക് പാണ്ഡ്യ 21 പന്തില്‍ 20 റണ്‍സും ജഡേജ 11 പന്തില്‍ 11 റണ്‍സും എടുത്തപ്പോഴാണ് മുന്‍ നായകന്‍ ഇഴഞ്ഞത്. ധോണിയില്‍ നിന്നും ഇനി കുടുതലായി ഒന്നുമുണ്ടാകാനില്ലെന്നും അദ്ദേഹത്തിലെ ഫിനിഷര്‍ അവസാനിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ ആദ്യ കാലത്ത് കളിച്ചിരുന്നതു പോലെ തന്നെ എപ്പോഴും കളിക്കാന്‍ കഴിയുമോയെന്നാണ് ധോണിയെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. ധോണിയുടെ ചുമലിലേക്ക് സമ്മര്‍ദ്ദം മുഴുവനും കൊണ്ടു വെയ്ക്കാതെ നാലാം നമ്പറിലും ആറാം നമ്പറിലും മികച്ച രീതിയില്‍ കളിക്കുന്ന രണ്ടു പേരെ ടീം കണ്ടെത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. 2019 ലോകകപ്പ് വരെ ധോണി കളിക്കുന്നതില്‍ തെറ്റില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഋഷഭ് പന്തിനെ പോലെ അഞ്ചാം നമ്പറില്‍ മികച്ച താരമുള്ളപ്പോള്‍ ധോണിക്ക് രണ്ടു വര്‍ഷം കൂടി ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ആരാധകരുടെ ആശങ്ക.