വെടിക്കെട്ടിന് പേരുകേട്ട യുവരാജിന്റെ ബാറ്റ് കഴിഞ്ഞ കുറച്ചു നാളുകളായി നിശബ്ദമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരേയൊരു ഫിഫ്റ്റി മാത്രമാണ് താരത്തിനു നേടാന്‍ കഴിഞ്ഞത്. എന്തുതന്നെയായാലും കഴിഞ്ഞ ദിവസം വിന്‍ഡീസിനെതിരെ കളത്തിലിറങ്ങിയ യുവിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ടീം ഇന്ത്യയിലെ മറ്റെല്ലാ താരങ്ങളും പതിവു പോലെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരുടെ ലോഗോയുള്ള ജേഴ്‌സിയണിഞ്ഞായിരുന്നു കളത്തിലെത്തിയത്. എന്നാല്‍ യുവി ഇറങ്ങിയതാകട്ടെ ചാമ്പ്യന്‍സ് ട്രോഫിയുടെ ലോഗോയുള്ള ടൂര്‍ണമെന്റ് സ്‌പെഷ്യല്‍ എഡിഷന്‍ ജേഴ്‌സിയുമായാണ്. ജേഴ്‌സി യുവിയ്ക്ക് മാറി പോയതാണോ അതോ മനപ്പൂര്‍വ്വം ധരിച്ചതാണോ എന്നകാര്യം വ്യക്തവുമല്ല.
ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെയായിരുന്നു യുവി ബാറ്റിംഗിനെത്തിയത്. എന്നാല്‍ യുവിയ്ക്ക് മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. വെറും 14 റണ്‍സ് മാത്രമായിരുന്നു യുവിയുടെ സംഭാവന. സാധാരണയായി ഭാഗ്യത്തിന് വേണ്ടി താരങ്ങള്‍ ഒരേ ജേഴ്‌സി തന്നെ ധരിക്കാറുണ്ട്. ഓരോ താരങ്ങള്‍ക്കും അവരുതേടായ അന്ധ വിശ്വാസങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു ലക്കി ചാം ആയിട്ടാണോ യുവി പഴയ ജേഴ്‌സി ധരിച്ചതെന്ന് അറിയില്ല.