ലോകകപ്പ് സെമിയിൽ ദിനേശ് കാർത്തിക് ധോണിയ്ക്ക് മുൻപേ കളത്തിലിറങ്ങിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്തിനാണ് ധോണിയ്ക്ക് മുൻപേ ദിനേശ് കാർത്തിക്കിനെ ഇറക്കിയത് എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. ഇപ്പോഴിതാ അക്കാര്യത്തിൽ തുറന്നുപറച്ചിൽ നടത്തുകയാണ് ദിനേശ് കാർത്തിക്. പെട്ടന്നുള്ള ആ തീരുമാനം തന്നെ ഞെട്ടിച്ചു എന്ന് താരം പറയുന്നു.
'ഏഴാം സ്ഥാനത്താണ് ഞാന്‍ ബാറ്റ് ചെയ്യുക എന്നാണ് കളി ആരംഭിയ്ക്കുന്നതിന് മുൻപ് എന്നോട് പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കൊണ്ടുവന്നത് എന്നെ ഞെട്ടിച്ചു. വിക്കറ്റ് വീഴുന്നത് തടയുകയായിരുന്നു അതിലൂടെ ലക്ഷ്യംവച്ചത്. പെട്ടെന്നാണ് അതിനുള്ള തീരുമാനമുണ്ടായത്, എന്നോട് ക്രീസിലേക്ക് ഇറങ്ങാന്‍ പറഞ്ഞു, ആ സമയം ഞാന്‍ ജേഴ്‌സി കൂടി ഇട്ടിരുന്നില്ല.
രാഹുല്‍ പുറത്തായതിന് പിന്നാലെ ഞാന്‍ ക്രീസിലേക്ക് ഇറങ്ങി. ബോള്‍ട്ടിന്റെ സ്‌പെല്‍ കഴിയുന്നത് വരെ വിക്കറ്റ് നഷ്ടമാക്കാതെ ഞാന്‍ പിടിച്ചുനിന്നു. സ്‌കോര്‍ കണ്ടെത്തേണ്ട സമയമായപ്പോള്‍ നീഷാമിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്തായി. വലിയ ടൂര്‍ണമെന്റുകളില്‍ കിരീടത്തിലേക്ക് എത്തിയില്ലെങ്കിലും ഇന്ത്യ മികവ് തെളിയിക്കുന്നുണ്ട്. ലോകകപ്പ് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും അതിന് കഴിവും പ്രാപ്‌തിയുമുള്ള ടിമാണ് ഇന്ത്യയുടേത്.' ദിനേശ് കാർത്തിക് പറഞ്ഞു.