ഏഷ്യാകപ്പ് പാകിസ്ഥാനിൽ നടത്തിയാൽ പങ്കെടുക്കില്ലെന്ന ഇന്ത്യൻ നിലപാടിനെ വിമർശിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. മറ്റ് ടീമുകൾക്കെല്ലാം പാകിസ്ഥാനിൽ എത്തുന്നതിൽ എതിർപ്പില്ലെങ്കിൽ പിന്നെ ഇന്ത്യയ്ക്ക് മാത്രം എന്താണ് ഇത്ര പ്രശ്നമെന്ന് സേഥി ചോദിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് പാക് ക്രിക്കറ്റ് ചെയർമാൻ വിമർശനമുന്നയിച്ചത്.
ഐസിസി യോഗം ഈ മാസം നടക്കാനിരിക്കെയാണ് പാക് ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. എല്ലാ ടീമുകളും പാകിസ്ഥാനിൽ കളിക്കാൻ വരുന്നുണ്ട്. അവർക്കാർക്കും പരാതിയില്ല, പിന്നെ ഇന്ത്യയ്ക്ക് മാത്രം എന്തിനാണ് ഇത്ര ആശങ്ക ഇങ്ങനെ അങ്ങനെ സുരക്ഷാപ്രശ്നം പറയുകയാണെങ്കിൽ ഇന്ത്യയിലേക്ക് ഞങ്ങളുടെ ടീമിനെ അയക്കുന്നതിലും ഞങ്ങൾക്ക് ആശങ്കയുണ്ട്. വരുന്ന ഐസിസി യോഗത്തിൽ ഇക്കാര്യങ്ങൾ പറയും. നജാം സേഥി പറഞ്ഞു.