പെര്‍ത്തിലെ നാണക്കേടിന് ഉത്തരവാദി പരിശീലകനോ ?; രവി ശാസ്‌ത്രി കള്ളം പറയുന്നത് ആര്‍ക്കുവേണ്ടി ?
പെര്‍ത്തിലെ നാണക്കേടിന് ഉത്തരവാദി പരിശീലകനോ ?; രവി ശാസ്‌ത്രി കള്ളം പറയുന്നത് ആര്‍ക്കുവേണ്ടി ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വിവാദതാരം ആരെന്ന് ചോദിച്ചാല്‍ വിരാട് കോഹ്‌ലി എന്നാകും പലരും ഉത്തരം നല്‍കുക. എന്നാല്‍, ഇതിഹാസ താരമായി വളരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന് ആരോപണങ്ങള്‍ പ്രശ്‌നമല്ല. പ്രകടനം കൊണ്ടും നേട്ടങ്ങള്‍ക്കൊണ്ടും ആ ചീത്തപ്പേര് എന്നും കഴുകി കളയാറുണ്ട് കോഹ്‌ലി.
ടീമിന്റെ പ്രകടന മികവിലും വിജയത്തിനും പിന്നില്‍ ക്യാപ്‌റ്റന്റെ സ്വാധീനമുള്ളതു പോലെ പരിശീലകനും തുല്ല്യമായ പങ്കുണ്ട്. ഇന്ത്യന്‍ ടീമിന്റെ കോച്ച് എന്ന നിലയില്‍ രവി ശാസ്‌ത്രി പരാജയമാണോ എന്ന ചോദ്യത്തിനു അതേ എന്നാകും ഭൂരിഭാഗവും ഉത്തരം നല്‍കുക. അദ്ദേഹമത് പലകുറി തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവടങ്ങളിലെ തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയയിലും ശാസ്‌ത്രിക്ക് പിഴയ്‌ക്കുകയാണ്. അഡ്‌ലെയ്‌ഡിലെ ജയത്തിന്റെ ഹുങ്കില്‍ കസേരയില്‍ അമര്‍ന്നിരുന്നതിനു പിന്നാലെ പെര്‍ത്തിലെ തോല്‍വി കനത്ത തിരിച്ചടിയായിരുന്നു.
പെര്‍ത്തിലെ തോല്‍വിക്ക് പിന്നില്‍ ശാസ്‌ത്രി ‘കള്ളക്കളികള്‍’ കളിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. മുഹമ്മദ് ഷാമിവരെ ഇക്കാര്യം ചൂണ്ടിക്കാണിച്ചതോടെയാണ് തടി കേടാകാതിരിക്കാന്‍ ശാസ്‌ത്രി വിശദീകരണം നടത്തിയതും, കുടുങ്ങിയതും.
തോളിന് പരുക്കുള്ളതിനാലാണ് ജഡേജയെ പെര്‍ത്തില്‍ കളിപ്പിക്കാതിരുന്നത് എന്നാണ് ശാസ്‌ത്രി പറഞ്ഞത്. ഇതോടെ ആരാധകര്‍ കൂട്ടമായി രംഗത്തുവന്നു. പൂര്‍ണമായും ഫിറ്റ്‌നസില്ലാത്ത ഒരു താരത്തെ പെര്‍ത്ത് ടെസ്‌റ്റിലെ പതിമൂന്നംഗ ടീമില്‍ എന്തിനാണ് ഉള്‍പ്പെടുത്തിയത് ?, പകരക്കാരനായി ഫീല്‍ഡ് ചെയ്യിപ്പിച്ചത് എന്തിന് ? എന്നീചോദ്യങ്ങള്‍ ആരാധകര്‍ ഉന്നയിച്ചതോടെ കളി കൈവിട്ടു.
അവസാന രണ്ടു ടെസ്റ്റിലും തോറ്റാൽ ഉത്തരവാദിത്തം കോഹ്‌ലിക്കും ശാസ്ത്രിക്കുമായിരിക്കുമെന്നുള്ള സുനിൽ ഗാവസ്കറുടെ പ്രതികണവും പിന്നാലെ എത്തി. എന്നാല്‍, ദൂരെ ഇരുന്ന് വാചകമടിക്കാൻ എളുപ്പമാണെന്നാണ് പരിശീലകന്‍ തിരിച്ചടിച്ചത്.
ഓപ്പണിങ് സഖ്യം തുടർച്ചയായി നിരാശപ്പെടുത്തുന്നതു മാത്രമാണു ടീമിന്റെ തലവേദനയെന്ന് ശാസ്‌ത്രി പറയുമ്പോള്‍ തന്നെ ജഡേജയെ പെര്‍ത്ത് ടെസ്‌റ്റില്‍ ഉൾപ്പെടുത്താതിരുന്ന നടപടി വീഴ്‌ചയാണെന്നും പറയുന്നു.
ഇതോടെയാണ് പരിശീലകന്‍ എന്ന നിലയില്‍ രവി ശാസ്‌ത്രി പരാജയമാണെന്ന നിഗമനം ശക്തമാകുന്നത്. ചില താരങ്ങളുടെ മികവില്‍ ടീം വിജയിക്കുമ്പോള്‍ നിര്‍ണായക മത്സരങ്ങളില്‍ പരിശീലകന്‍ കാഴ്‌ചക്കാരന്റെ റോള്‍ ഏറ്റെടുക്കുകയാണ്. സെലക്ഷന്‍ മുതല്‍ അടിമുടി തീരുമാനങ്ങള്‍ പാളുകയാണ്. ഡ്രസിംഗ് റൂമിലെ ഒരു അംഗം മാത്രമായി തീരുകയാണ് വിവാദ നടപടികളിലൂടെ പരിശീലക കുപ്പായമണിഞ്ഞ ശാസ്‌ത്രി.
ഓസ്‌ട്രേലിയക്കെതിരായ അടുത്ത രണ്ട് ടെസ്‌റ്റുകളുടെ ഫലം ശാസ്‌ത്രിയുടെ പരിശീലകസ്ഥാനം നിര്‍ണയിക്കുമെന്നതില്‍ സംശയമില്ല. വിദേശത്തെ തോല്‍വികളുടെ കറ നാട്ടിലെ വിജയങ്ങള്‍ കൊണ്ട് കഴുകി കളയുന്ന അദ്ദേഹത്തിന്റെ പഴയ രീതി അധികം മുമ്പോട്ട് പോകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.