മതപരമായ താത്‌പര്യങ്ങൾ മുൻനിർത്തി ടീം സെലക്ഷൻ നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഇന്ത്യൻ മുൻതാരം വസീം ജാഫർ. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് പിന്നാലെയാണ് വസീം ജാഫറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്ത് വന്നത്.
മതപരമായ താത്‌പര്യങ്ങൾ മുൻനിർത്തി ജാഫർ ടീമിനെ തിരെഞ്ഞെടുത്തു. ഇഖ്‌ബാൽ അബ്‌ദുള്ളയെ ക്യാപ്‌റ്റനാക്കണമെന്ന് വാശിപിടിച്ചു. മുസ്ലീം മതപണ്ഡിതരെ ക്യാമ്പിലേക്ക് ക്ഷണിച്ചു. അവർക്ക് നമസ്‌കരിക്കാൻ സൗകര്യം ഒരുക്കി. രാമഭക്ത ഹനുമാൻ കി ജയ് എന്ന ടീം മുദ്രാവാക്യം മാറ്റി ഗോ ഉത്തരാഖണ്ഡ് എന്നാക്കി എന്നിവയാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ ആരോപണങ്ങൾ.
എന്നാൽ മതപരമായ കാര്യങ്ങൾ ഉൾപ്പെടുത്തി അനാവശ്യ വിവാദമുണ്ടാക്കാൻ ക്രിക്കറ്റ് അസോസിയേഷൻ ശ്രമിക്കുന്നുവെന്ന് ജാഫർ പറഞ്ഞു. ഇഖ്‌ബാൽ അബ്‌ദുള്ളയെ ക്യാപ്‌റ്റനാക്കണമെന്ന് പറഞ്ഞിട്ടില്ല. മുസ്ലീം താരങ്ങൾക്ക് പ്രാധാന്യം നൽകിയെങ്കിൽ ഞാൻ മുസ്ലീം താരങ്ങളെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചിരുന്നേനെ.അതേസമയം കഴിവുള്ള കളിക്കാർക്ക് ഉത്തരാഖണ്ഡ് ടീമിൽ അവസരം കിട്ടുന്നില്ലെന്നും ജാഫർ പറഞ്ഞു.