ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് 79 റൺസുമായി ടീമിന് പ്രതിരോധക്കോട്ട തീർത്തത്. മത്സരത്തിൽ സെഞ്ചുറി നേട്ടം സ്വന്തമാക്കാൻ ഇന്ത്യൻ നായകനായില്ലെങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിലെ 41-ാം ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെ പുള്‍ ചെയ്ത് സിക്‌സർ സംസാരവിഷയമാക്കിയിരിക്കുകയാണ് ആരാധകർ.
കോലി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ടെസ്റ്റ് ക്രിക്കറ്റിൽ നേടുന്ന അഞ്ചാമത്തെ മാത്രം സിക്‌സറായിരുന്നു റബാഡക്കെതിരെ ഉണ്ടായത്. 2019 നുശേഷം രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ലാത്ത കോലിയുടെ ഫോം മങ്ങിയതിന്‍റെ മറ്റൊരു ഉദാഹരണമായാണ് ആരാധകർ ഇത് ചർച്ച ചെയ്യുന്നത്.
സഹതാരങ്ങളായ രോഹിത് ശര്‍മ ടെസ്റ്റില്‍ 31ഉം റിഷഭ് പന്ത് 25ഉം മായങ്ക് അഗര്‍വാള്‍ 18ഉം സിക്സുകൾ കഴിഞ്ഞ 3 വർഷത്തിനിടെ നേടിയപ്പോളാണ് കോലി അഞ്ചെണ്ണത്തിൽ ഒതുങ്ങിയത്. 11 സിക്‌സറുകളുമായി ഇന്ത്യന്‍ ബാറ്റിംഗിലെ വാലറ്റക്കാരനായ ഉമേഷ് യാദവ് പോലും ഇക്കാലയളവില്‍ കോലിയെക്കാള്‍ സിക്സുകള്‍ പറത്തിയെന്നതാണ് മറ്റൊരു രസകരമായ കണക്ക്.
വിദേശ പരമ്പരകളില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോലി നേടുന്ന ആദ്യ സിക്സ് കൂടിയാണിത്.018ല്‍ ഓസേ്ട്രേലയിക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഹേസല്‍വുഡിന്‍റെ പന്ത് ടോപ് എഡ്ജ് ചെയ്ത് നേടിയ സിക്സാണ് വിദേശത്ത് കോലി ഇതിന് മുമ്പ് അവസാനം നേടിയ സിക്സര്‍. സിക്‌സറുകളിൽ ക്ഷാമമുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റ്സ്മാൻ കോലിയാണ്.കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ച് കോലി 936 ബൗണ്ടറികളാണ് താരം നേടിയിട്ടുള്ളത്.