ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും മികച്ച ബാറ്റ്സ്മാൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണെന്ന് കെയ്‌ൻ വില്യംസൺ. സമകാലിന ക്രിക്കറ്റിൽ ഏറ്റവും മികച്ച കളിക്കാരനാരാണെന്ന ചർച്ചയിൽ കോലിക്കൊപ്പം ഇടം നേടിയ താരങ്ങളിൽ ഒരാളാണ് ന്യൂസിലൻഡ് നായകൻ കൂടിയായ വില്യംസൺ. എന്നാൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളെയും പരിഗണിക്കുമ്പോൾ കോലിയാണ് മികച്ച ബാറ്റ്സ്മാൻ എന്നതാണ് വില്യംസണിന്റെ അഭിപ്രായം.
എല്ലാ ഫോർമാറ്റിലെയും മികച്ച താരമാണ് കോലിയെന്ന് സംശയമേതുമില്ലാതെ പറയാം. ഇന്ത്യ മികച്ച ടീമാണ്. ലോകോത്തര ബൗളിംഗ് താരങ്ങളും ബാറ്റ്സ്മാന്മാരും ടീമിലുള്ളതാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മുന്നിട്ട് നിൽക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ നായകൻ കോലിയെ താൻ ആരാധനയോടെയാണ് കാണുന്നതെന്നും അണ്ടർ 19ൽ കളിക്കുന്ന കാലം തൊട്ട് തന്നെ പരസ്പരം അറിയാമെന്നും വില്യംസൺ പറഞ്ഞു.
അണ്ടർ 19 കാലം തൊട്ട് അന്താരാഷ്‌ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും അടക്കം നിരവധി തവണ പരസ്‌പരം മത്സരിച്ചിരിക്കുന്നു. ബാറ്റിംഗ് മികവ് കൊണ്ട് പുതിയ അളവുകോലുകൾ സൃഷ്ടിച്ചയാളാണ് കോലി. വ്യത്യസ്തങ്ങളായ ശൈലികളാണ് പിന്തുടരുന്നതെങ്കിൽ പോലും കോലിയുമായി സംസാരിക്കുന്നതും ആശയങ്ങൾ ചർച്ച ചെയ്യുന്നതും പ്രചോദനം നൽകുന്നതായും വില്യംസൺ പറഞ്ഞു.
നിലവിൽ ഐപിഎല്ലിലും അന്താരാഷ്ട്രക്രിക്കറ്റിലും വ്യത്യസ്ത ടീമുകളിലായാണ് മത്സരിക്കുന്നതെങ്കിൽ പോലും കളത്തിന് പുറത്ത് വലിയ സൗഹൃദം പുലർത്തുന്നവരാണ് ഇരു താരങ്ങളും. എങ്കിലും കളിക്കളത്തിൽ ഇരുവരും തമ്മിൽ കടുത്ത മത്സരത്തിലുമാണ്. നിലവിൽ ഏകദിന ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമതാണ് ഇന്ത്യൻ നായകൻ കോലി. ടി20യിൽ പത്താം സ്ഥാനത്തും. ടെസ്റ്റ് റാങ്കിംഗില്‍ നാലും ഏകദിനത്തില്‍ എട്ടും ടി20യില്‍ 17 ഉം സ്ഥാനത്താണ് കെയ്‌ന്‍ വില്യംസണ്‍.