ക്യാപ്ടന്‍ വിരാട് കോഹ്‌ലി പതിവുപോലെ തന്നെ ഉജ്ജ്വല ഫോമിലായിരുന്നു. തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും സെഞ്ച്വറി. പക്ഷേ, കോഹ്‌ലിയുടെ മിന്നുന്ന പ്രകടനത്തിന് വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 43 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത് വെസ്റ്റിന്‍ഡീസ് പകരം വീട്ടി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 50 ഓവറില്‍ 283 റണ്‍സാണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ചുവടുപിഴച്ചു. 47.4 ഓവറില്‍ 240 റണ്‍സെടുക്കാനേ ഇന്ത്യന്‍ നിരയ്ക്കായുള്ളൂ.
119 പന്തുകള്‍ നേരിട്ട കോഹ്‌ലി 107 റണ്‍സെടുത്തു. ഇതില്‍ പത്ത് ബൌണ്ടറികളും ഒരു സിക്സും ഉള്‍പ്പെടുന്നു.
മൂന്നാം മത്സരത്തിലെ വിജയത്തോടെ ഇപ്പോള്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും തുല്യ പോയിന്‍റുകളിലെത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിക്കേണ്ടതുണ്ട്.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്‌ലി. തുടര്‍ച്ചയായി നാല് സെഞ്ച്വറി നേടിയിട്ടുള്ള ശ്രീലങ്കയുടെ സനത് ജയസൂര്യയാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്.