ഐപിഎല്ലിലെ മികച്ച ഫോം ആഭ്യന്തരക്രിക്കറ്റിലും ആവർത്തിച്ച് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെൻസേഷൻ റുതുരാജ് ഗെയ്‌ക്‌വാദ്. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് കളികളിൽ നിന്നും നാലു സെഞ്ചുറികളാണ് താരം കണ്ടെത്തിയത്. ഇതോടെ സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ താരം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
നാലാമത്തെ സെഞ്ച്വറിയോടെ വിജയ് ഹസാരെ ട്രോഫിയുടെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പമെത്താൻ റുതുരാജിന് സാധിച്ചു. കോലിയെക്കൂടാതെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2009-2010 സീസണിൽ കോലിയായിരുന്നു ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലാണ് പൃഥ്വി ഷായും ദേവ്‌ദത്ത് പടിക്കലും നാലു സെഞ്ചുറികൾ കണ്ടെത്തിയത്.സീസണിൽ അഞ്ച് മത്സരങ്ങളിൽ ഉത്തരാഖണ്ഡിനെതിരെ(21) മാത്രമായിരുന്നു റുതുരാജ് നിരാശപ്പെടുത്തിയത്.
മധ്യപ്രദേശിനെതിരേ 136 റണ്‍സ്, ഛത്തീസ്ഗഡിനെതിരേ 154* റണ്‍സ്, കേരളത്തിനെതിരേ 124 റണ്‍സ്, ചണ്ഡിഗഡിനെതിരെ 168 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.