ക്യാപ്‌റ്റന്റെ കുപ്പായം വിരാട് കോഹ്‌ലിക്ക് കൈമാറിയെങ്കിലും ടീമിന്റെ സര്‍വ്വ നിയന്ത്രണങ്ങളും മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ കൈയിലാണെന്ന കാര്യം രഹസ്യമില്ല. ഇരുവരും തമ്മിലുള്ള ആത്മബന്ധമാണ് ഒറ്റക്കെട്ടായി തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ കാരണമാകുന്നത്.
ഫീല്‍ഡിംഗ് ക്രമീകരികണവും ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ധോണിയാണ്. ഈ സമയം കോഹ്‌ലി ഔട്ട് ഫീല്‍ഡിലായിരിക്കും. ക്യാപ്‌റ്റന്‍ ധോണിയാണോ എന്നു പോലും തോന്നിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ എല്ലാ മത്സരങ്ങളിലും കാണാം. ആരാധകര്‍ പോലും ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുകയും പങ്കുവയ്‌ക്കുകയും ചെയ്യാറുണ്ട്.
ആരാധകരുടെ ഈ സംശയത്തില്‍ കാര്യമുണ്ടെന്നാണ് കോഹ്‌ലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗ്രൌണ്ടില്‍ താന്‍ അടക്കമുള്ള താരങ്ങള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ധോണിയില്‍ നിന്ന് നിര്‍ദേശം ലഭിച്ച ശേഷമാണെന്നാണ് വിരാട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
തീരുമാനങ്ങള്‍ എടുക്കും മുമ്പ് ധോണിയുമായി സംസാരിക്കും. തന്റെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കളിക്കളത്തില്‍ അദ്ദേഹം ഫീല്‍ഡിംഗ് നിയന്ത്രിക്കുന്നത്. മുപ്പത് ഓവറുകള്‍ക്ക് ശേഷം ഞാന്‍ ഔട്ട് ഫീല്‍ഡിലായിരിക്കും ഉള്ളത്. ഈ സമയം ബോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നതും ഫീല്‍ഡര്‍മാരെ വിന്യസിക്കുന്നതും അദ്ദേഹമാണ്. ധോണി ഭായുടെ സ്വന്തമായ തീരുമനങ്ങളാകും പലതും.
കളിയെ കുറിച്ച് മറ്റാരേക്കാളും ബോധ്യവും അറിവുമുള്ളയാളാണ് ധോണി. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ മഹിയുടെ പൂര്‍ണ്ണ ശ്രദ്ധ കളിക്കളത്തിലായിരിക്കും.
ഇങ്ങനെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നത് ഞങ്ങള്‍ തമ്മിലുള്ള ധാരണ വലുതായതിനാലാണ്. മാനേജ്‌മെന്റിന്റെ ചില തീരുമാനങ്ങളില്‍ ഞാനും ധോണിയും രോഹിതും ഭാഗമാവാറുണ്ട്. എന്നാല്‍, ആരാധകരില്‍ ചിലര്‍ പലപ്പോഴും അനാവശ്യമായി ധോണിയെ കുറ്റപ്പെടുത്തുകയാണെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കോഹ്‌ലി പറഞ്ഞു.
കോഹ്‌ലിയുടെ തുറന്ന് പറച്ചില്‍ ആരാധര്‍ക്ക് ഇടയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. വിരാട് ഒപ്പമുണ്ടെങ്കിലും ലോകകപ്പില്‍ ടീമിനെ നയിക്കുന്നത് ധോണി തന്നെയാകും എന്നാണ് ആരാധകരുടെ വാദം.