ഓസ്‌ട്രേലിയക്കെതിരായ അഡ്‌ലെയ്‌ഡ് ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പുകഴ്ത്തി ക്യാപ്റ്റൻ വിരാട് കോഹ്‌ലി രംഗത്ത്.
“ ഒരു ‘എംഎസ് ക്ലാസിക്’ ആണ് രണ്ടാം ഏകദിനത്തില്‍ നമ്മള്‍ കണ്ടത്. ധോണി ഈ ടീമിന്റെ ഭാഗമാണെന്നതിൽ ഒരു സംശയവും വേണ്ട. ഒരു മത്സരത്തെ അദ്ദേഹം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് മനസിലാക്കുക ബുദ്ധിമുട്ടാണ്. അപ്രതീക്ഷിത നിമിഷത്തില്‍ വലിയ ഷോട്ടുകളിലൂടെ മഹിഭായ് മത്സരം അവസാനിപ്പിക്കുകയും ചെയ്യും” - എന്നും കോഹ്‌ലി പറഞ്ഞു.
50 ഓവറ് ഫീല്‍ഡ് ചെയ്‌ത ശേഷം ദീര്‍ഘനേരം ബാറ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അഡ്‌ലെയ്‌ഡില്‍ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ വിയര്‍പ്പ് ശക്തമായിരുന്നു. ധോണിയും ക്ഷീണിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ താരങ്ങളായ മാക്‍സ്‌വെലും മാര്‍ഷും ക്രീസില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ മത്സരം കൈവിട്ടിരുന്നു. എന്നാല്‍ ഭുവനേശ്വർ കുമാറിന്റെ ഓവറുകളാണ് ഇന്ത്യക്ക് ആശ്വാസമായതെന്നും കോഹ്‌ലി പറഞ്ഞു.
ഒരേ ഓവറിൽ മാര്‍ഷിനെയും മാക്‍സ്‌വെല്ലിനെയും പുറത്താക്കിയ ഭുവിയാണ് കളി തിരിച്ചു പിടിക്കാന്‍ സഹായിച്ചത്. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്ക് പുറത്തെടുത്ത മികച്ച പ്രകടനം ധോണിയുടെ സമ്മര്‍ദ്ദമകറ്റിയതെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വ്യക്തമാക്കി.