ഓസ്ട്രേലിയയ്ക്കെതിരെ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് മത്സരത്തിൽ ഓപണിങ് കൂട്ടുകെട്ടായി ഇന്ത്യയ്ക്ക് മുന്നിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. മായങ്ക് അഗർവാൾ, പൃഥ്വി ഷാ കൂട്ടുകെട്ടാണ് ഡേ നൈറ്റ് മത്സരത്തിൽ ഇന്ത്യ പരീക്ഷിച്ചത്. എന്നാൽ രണ്ടാം പന്തിൽ തന്നെ പൃത്വി ഷാ കൂടാരം കയറി. അധികം വൈകാതെ 40 പന്ത് നേരിട്ട് 17 രണ്ണുമായി മായങ്ക് അഗർവാളും മടങ്ങി. ഓപ്പണിങ്ങിൽ പരീക്ഷിയ്ക്കാൻ ശുബ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നീ താരങ്ങളും ഇന്ത്യൻ നിരയിലുണ്ട്.
അതിനാൽ ഒരു സഖ്യമോ താരമോ പരാജയപ്പെട്ടാൽ പകരം നൽകാൻ താരങ്ങളുണ്ട്. ശുബ്മാന്‍ ഗിലിനാവും അടുത്ത ഊഴം ലഭിയ്ക്കുക. പക്ഷേ കെ എൽ രാഹുലിന് ടെസ്റ്റിൽ ഓപ്പണർ സ്ഥാനം നൽകില്ല എന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തീർത്തു പറഞ്ഞു. ടെസ്റ്റിൽ മോശമല്ലാത്ത ഓപ്പണിങ് ട്രാക്ക് റെക്കോർഡ് ഉള്ള രാഹുലിനെ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് പരിഗണിയ്ക്കാതിരിയ്ക്കാനുള്ള കാരണം ടീമിൽ ഓപ്പണർമാരുടെ എണ്ണക്കൂടുതലും രോഹിത് ശർമ്മയുടെ സാനിധ്യവുമാണ്. അതിനാൽ ഈ ടെസ്റ്റ് പരമ്പരയിൽ മറ്റു ഉത്തരവാദിത്തങ്ങളാകും രാഹുലിനുണ്ടാവുക.
'ടീമില്‍ ഓപ്പണര്‍മാര്‍ ഒരുപാടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കെഎല്‍ രാഹുലിനെ സ്‌ക്വാഡില്‍ എടുത്തത്. രോഹിത് ശര്‍മ ടീമിലെത്തുമ്പോൾ അദ്ദേഹമായിരിക്കും ഇന്ത്യയുടെ ഇന്നിങ്‌സുകള്‍ക്ക് തുടക്കമിടുക. ഈ സാഹചര്യത്തില്‍ കെഎല്‍ രാഹുല്‍ എവിടെ കളിക്കും എന്നതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മെന്റ്. കെഎല്‍ രാഹുല്‍ മികച്ച താരമാണ്. അതില്‍ സംശയമില്ല. എന്നാല്‍ ടീമില്‍ ബാലന്‍സ് വേണം. നിലവില്‍ എല്ലാവരും മികച്ച ക്രിക്കറ്റ് കാഴ്ച്ചവെക്കുന്നുണ്ട്. ,ഇനി സാഹചര്യവും സന്ദര്‍ഭവും വിലയിരുത്തി മികച്ച കോമ്പിനേഷനെ കണ്ടെത്തണം. എങ്കില്‍ മാത്രമേ ടീമില്‍ ബാലന്‍സ് കൊണ്ടുവരാന്‍ സാധിക്കു' എന്നായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.