T20 World Cup 2024, India Women: പോയിന്റ് നിലയെ കുറിച്ച് വല്ലതും അറിഞ്ഞിട്ടാണോ ഈ കളി? പാക്കിസ്ഥാനെതിരെ ജയിച്ചത് 'തട്ടീം മുട്ടീം'
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു 58 റണ്‍സിനു ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു
India Women: ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ജയിച്ചെങ്കിലും ഇന്ത്യയുടെ നില പരുങ്ങലില്‍. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഏഴ് പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ജയം സ്വന്തമാക്കിയെങ്കിലും വെറും ഏഴ് പന്തുകള്‍ മാത്രമാണ് ശേഷിച്ചിരുന്നത് !
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു 58 റണ്‍സിനു ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ഈ തോല്‍വി ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ സാരമായി ബാധിച്ചു. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 30 പന്തുകളെങ്കിലും ശേഷിക്കെ ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നേറ്റം നത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് വളരെ പ്രധാനമായിരിക്കെ പാക്കിസ്ഥാനെതിരെ വളരെ സാവധാനത്തിലാണ് ഇന്ത്യ ജയിച്ചത്.
ഇന്ത്യക്കെതിരെ തോറ്റെങ്കിലും +0.555 നെറ്റ് റണ്‍റേറ്റ് ഉള്ള പാക്കിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ്. -1.217 നെറ്റ് റണ്‍റേറ്റോടെ ഇന്ത്യ നാലാമതാണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും നെറ്റ് റണ്‍റേറ്റില്‍ വളരെ മുന്നിലാണ്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. രണ്ട് കളികളിലും ഉയര്‍ന്ന റണ്‍റേറ്റില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ എത്താന്‍ സാധിക്കില്ല.