ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ 40 റൺസിന് വിജയിച്ച് സൂപ്പർ ഫോറിലെത്തിയിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തിൽ സൂര്യകുമാർ യാദവ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടാൻ കാരണമായത്. നാലാം നമ്പറിലെത്തി 26 പന്തിലും 6 വീതം സിക്സും ഫോറുമായി 261.5 ശരാശരിയിൽ 68 റൺസാണ് സൂര്യകുമാർ സ്വന്തമാക്കിയത്. മൈതാനത്തിൻ്റെ എല്ലാഭാഗത്തേക്കും ഷോട്ടുതിർക്കുന്ന സൂര്യകുമാർ യാദവ് ഇന്നലത്തെ മത്സരത്തിലെ മനോഹരമായ കാഴ്ചയായിരുന്നു.
കെ എൽ രാഹുൽ ഓപ്പണിങ് സ്ഥാനത്ത് വീണ്ടും നിരാശപ്പെടുത്തുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഓപ്പണിങ് റോളിൽ താങ്കൾക്ക് കളിച്ചൂടെ എന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സൂര്യ. കെ എൽ രാഹുലിനെ പുറത്തിരുത്തണം എന്നാണോ നിങ്ങൾ പറയുന്നത്. പരിക്കിന് ശേഷമാണ് രാഹുൽ മടങ്ങിയെത്തിയിരിക്കുന്നത്. അവന് അല്പം കൂടി സമയം നൽകണം.
എൻ്റെ കാര്യം പറയുകയാണെങ്കിൽ ഏത് ബാറ്റിങ് പൊസിഷനിൽ കളിക്കാനും ഞാൻ തയ്യാറാണ്. പരിശീലകനോടും ക്യാപ്റ്റനോടും ഞാൻ അത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്നെ കളിപ്പിക്കണം എന്ന് മാത്രമെ ഉള്ളു. ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണ്. ചിരിച്ചുകൊണ്ട് സൂര്യ പറഞ്ഞു.