ടി20 സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വിജയതുടക്കമിട്ട് ഇന്ത്യ. കോലിയും രോഹിത്തും റിഷഭ് പന്തും ഉള്‍പ്പെടുന്ന മുന്‍നിര നേരത്തെ തന്നെ കൂടാരം കയറിയെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്താന്‍ സഹായിച്ചത്. 24 പന്തില്‍ 32 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് സൂര്യയെ കൂടാതെ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റൊരു ബാറ്റര്‍.
9 ഓവറില്‍ 63 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ നിലയിലാണ് ക്രീസിലെത്തിയതെങ്കിലും സ്വതസിദ്ധമായ രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തിയ സൂര്യ 28 പന്തില്‍ 53 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. 3 സിക്‌സും 5 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്ങ്‌സ്. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടം 134 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ മത്സരത്തിലെ താരമായി സൂര്യകുമാര്‍ യാദവ് തിരെഞ്ഞെടുക്കപ്പെട്ടു.
64 ടി20 മത്സരങ്ങളില്‍ നിന്നും ഇത് പതിനഞ്ചാം തവണയാണ് സൂര്യ കളിയിലെ താരമായി തിരെഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ മികച്ച താരമായതിന്റെ റെക്കോര്‍ഡ് സൂര്യയ്ക്ക് സ്വന്തമായി. 120 മത്സരങ്ങളില്‍ നിന്നും 15 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ടായിരുന്ന സൂപ്പര്‍ താരം വിരാട് കോലിയെയാണ് സൂര്യകുമാര്‍ പിന്നിലാക്കിയത്. 64 ടി20 മത്സരങ്ങളില്‍ നിന്നും 45 റണ്‍സ് ശരാശരിയില്‍ 2253 റണ്‍സാണ് സൂര്യൗടെ പേരിലുള്ളത്. 19 അര്‍ധസെഞ്ചുറികളും 4 സെഞ്ചുറികളും ടി20യില്‍ സൂര്യ നേടിയിട്ടുണ്ട്.