കഴിഞ്ഞ ഐപിഎൽ സീസണിനിടെ മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ചെന്നൈ ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സ്വകാര്യ കാരണങ്ങൾ ചൂണ്ടികാണിച്ചാണ് റെയ്ന നാട്ടിലേക്ക് മടങ്ങിയത്. ചെന്നൈ മാനേജ്മെന്റുമായി തെറ്റിയാണ് താരം നാട്ടിലേക്ക് മടങ്ങിയത് എന്ന തരത്തിലും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ റെയ്നയുടെ അഭാവത്തിൽ യുഎഇയിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്കെ നടത്തിയത്. മധ്യനിരയിൽ റെയ്നക്കൊത്ത പകരക്കാരനെ കണ്ടെത്താൻ ടീമിന് സാധിച്ചില്ല. എന്നാൽ ഇപ്പോളിതാ അടുത്ത സീസണിൽ റെയ്ന ടീമിനൊപ്പം കാണുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ അധികൃതർ. സിഎസ്കെ വൃത്തങ്ങളെ ഉദ്ധരിച്ച് മുംബൈ മിററാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം റെയ്നയുടെ തിരിച്ചുവരവ് സംബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പുതിയ സീസണില്‍ റെയ്ന തിരിച്ചുവരികയാണെങ്കില്‍ത്തന്നെ സിഎസ്കെയുമായി പുതിയ കരാര്‍ ഒപ്പിടേണ്ടതായി വരും. 2020 ഓക്ടോബറിൽ ചെന്നൈയുമായുള്ള റെയ്നയുടെ കരാർ അവസാനിച്ചിരുന്നു.