ഓസ്ട്രേലിയക്കെതിരെയുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ തകർപ്പൻ ഫോമിലായിരുന്നു ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ. ഓസീസ് ബൗളർമാരെ അനായസകരമായി നേരിട്ട രോഹിത് ടീമിന് ഒരു മികച്ച സ്കോർ തന്നെ സമ്മാനിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മത്സരത്തിൽ അനാവശ്യമായി തന്റെ വിക്കറ്റ് രോഹിത് വലിച്ചെറിയുകയായിരുന്നു. 44 റൺസിൽ നിൽക്കെ സിക്സറടിക്കാൻ ശ്രമിച്ചതാണ് താരത്തിന്റെ വിക്കറ്റിൽ കലാശിച്ചത്.
പരമ്പരയിലെ ഏറ്റവും നിർണായകമായ മത്സരത്തിൽ അനാവശ്യമായ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞതിൽ ക്രിക്കറ്റ് ആരാധകരെല്ലാം തന്നെ അതൃപ്‌തരാണ്. ഇതിന് പിന്നാലെ രോഹിത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരമായ സുനിൽ ഗവാസ്‌കർ. നിരുത്തരവാദിത്തപരമായ ഷോട്ടാണ് രോഹിത്ത് കളിച്ചതെന്നും. ആ ഷോട്ടിന് ഒഴികഴിവ് പറയാൻ രോഹിത്തിനാകില്ലെന്നും ഗവാസ്കർ തുറന്നടിച്ചു.
ഇത് രോഹിത്തിന്റെ നിരുത്തരവാദിത്തപരമായ ഷോട്ടാണ്. നിങ്ങൾ ഒരു ബൗണ്ടറിയടിച്ചു. പിന്നെയെന്തിനാണ് ഇങ്ങനെ കളിക്കുന്നത്. നിങ്ങൾ ഒരു സീനിയർ കളിക്കാരനാണ്. ഇതിന് ഒഴികഴിവില്ല, നിങ്ങൾ അനാവശ്യമായി ഒരു വിക്കറ്റ് സമ്മാനമായി നൽകി ചാനൽ 7ൽ സംസാരിക്കവെ ഗവാസ്കർ പറഞ്ഞു.