തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം മലയാളി താരം എസ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിയ്ക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലൂടെയാണ് ശ്രീശാന്ത് ക്രിക്കറ്റിലേയ്ക് തിരികെയെത്തുന്നത്. ടൂർണമെന്റിൽ കെസിഎ ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിയ്ക്കുക. ശ്രീശാന്ത് ടുർണമെന്റിൽ കളിയ്ക്കുന്നതായി കെസിഎ സ്ഥിരീകരിച്ചു.
ആറുടിമുകളാണ് ടി20 ടൂർണമെന്റിൽ മത്സരിയ്ക്കുന്നത്. ഡിസംബർ 17 മുതൽ ആലപ്പുഴയിലായിയ്ക്കും മത്സരം നടക്കുക. എന്നാൽ കൊവിഡ് സഹചര്യം നിലനിൽക്കുന്നതിനാൽ ടൂർണമെന്റ് നടത്തുന്നതിന് അന്തിമ അനുമതിയ്ക്കായി സർക്കാരിനെ സമീപിച്ചിരിയ്ക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. ബയോ ബബിൾ പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിയ്ക്കും ടൂർണമെന്റ് നടത്തുക.
ക്രിക്കറ്റിലേയ്ക്ക് മടങ്ങിയെത്തുന്നതിനായി താരം നേരത്തെ തന്നെ പരിശീലാനം ആരംഭിച്ചിരുന്നു. ഫിറ്റ്നെസ് തെളിയിച്ചാൽ ശ്രീശാന്തിനെ രഞ്ജി ടിമിലേയ്ക്ക് പരിഗണിയ്ക്കും എന്ന് നേരത്തെ തന്നെ കെസിഎ വ്യക്തമാക്കിയിരുന്നു എന്നാൽ. കൊവിഡ് തീർത്ത പ്രതിസന്ധിയിൽ അഭ്യന്തര മത്സരങ്ങൾ സ്തംഭിച്ചത് ശ്രീശാന്തിന് തിരിച്ചടിയായി.
2013ലെ ഐപിഎൽ വാതുവപ്പ് കേസിൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കാണ് ഏർപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ നിയമ പോരാട്ടം തന്നെ ശ്രീശാന്ത് നടത്തി. ഒടുവിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്സ്മാൻ വിലക്ക് ഏഴു വർഷമായി കുറയ്ക്കുകയയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിലക്ക് നീങ്ങിയത്.