കോഹ്ലി ഏഴ് കോടി വാങ്ങുന്നു, മിഥാലിക്ക് വെറും 50 ലക്ഷം!
വനിതാ താരങ്ങൾക്ക് നക്കാപ്പിച്ച പ്രതിഫലം നൽകി ബി സി സി ഐ!
ബി സി സി ഐ താരങ്ങളുടെ വാർഷിക വേതന കരാറിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി താഴെപോയതും, കോഹ്‌ലി എപ്ലസ് ക്യാറ്റഗറിയില്‍ സ്ഥാനം പിടിച്ചതും എല്ലാവരും കണക്കിന് ചർച്ചചെയ്തു. അതേസമയം തന്നെ വനിത താരങ്ങൾക്കായി 'സി' എന്ന പുതിയ ക്യാറ്റഗറി ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വനിതാ ടീമിൽ നിന്നും ക്യാപ്റ്റൻ മിതാലി രാജ്, ജുലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, എന്നീ താരങ്ങളാണ് എ ഗ്രേഡ് കാറ്റഗറിയിൽ ഉൾപെട്ടിട്ടുള്ളത്. 19 വനിതാ താരങ്ങളാണ് പുതുക്കിയ കരാറിന്റെ ഭാഗമായത്. എന്നാൽ പുരുഷ ടീമിനെയും വനിതാ ടീമിനെയും പ്രതിഫല തുകയുടെ കാര്യത്തിലും വേർതിരിക്കുന്ന സമീപനമാണ് ബി സി സി ഐ കൈക്കൊണ്ടിരിക്കുന്നത്.
ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്ന പുരുഷതാരത്തേക്കാള്‍ പകുതിതുകയാണ് ഏറ്റവും ഉയര്‍ന്ന തുക വാങ്ങുന്ന വനിതാ താരത്തിന് ലഭിക്കുന്നത്. പുരുഷതാരങ്ങള്‍ക്കായി ഗ്രേഡ് എ പ്ലസില്‍ ഏഴു കോടി രൂപ നൽകുമ്പോൾ, 50 ലക്ഷം രൂപയാണ് വനിതാ താരങ്ങള്‍ക്കായുള്ള ഗ്രേഡ് എ വിഭാഗത്തിലെ പ്രതിഫലം. ഗ്രേഡ് ബിയില്‍ 30 ലക്ഷം, ഗ്രേഡ് സിയില്‍ പത്ത് ലക്ഷം എന്നിങ്ങനെ പോകുന്നു വനിത താരങ്ങളുടെ പ്രതിഫലപ്പട്ടിക. ബി സി സി ഐയുടെ വിവേചനപരമായ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നിട്ടുണ്ടെങ്കിലും ഇതേവരെ പ്രതികരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.