ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിച്ച ചെയ്സിംഗുകളിൽ ഒന്നായിരുന്നു ഓസീസിൻ്റെ 434 എന്ന കൂറ്റൻ സ്കോറിനെ പിന്തുടർന്നുകൊണ്ട് ദക്ഷിണാഫ്രിക്ക ഏകദിനക്രിക്കറ്റിൽ നേടിയ വിജയം. ക്രിക്കറ്റിൽ പല ടീമുകളും 450ന് മുകളിൽ റൺസ് കണ്ടെത്തിയെങ്കിലും 400 റൺസിന് മുകളിൽ ചെയ്സ് ചെയ്യാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.
ഇപ്പോഴിതാ ഏകദിനത്തിലെ പ്രകടനത്തിൻ്റെ കാർബൺ കോപ്പി ടി20യിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് പ്രോട്ടീസ്. വിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഗ്രൗണ്ടിൽ റൺ മഴ പെയ്തത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 46 പന്തിൽ 118 റൺസെടുത്ത ജോൺസൻ ചാൾസിൻ്റെ പ്രകടനമികവിൽ 5 വിക്കറ്റിന് 258 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. സെർബിയക്കെതിരെ 243 റൺസ് വിജയലക്ഷ്യം മറികടന്ന ബൾഗേറിയക്കായിരുന്നു അത് വരെ ടി20യിലെ ഏറ്റവും വലിയ റൺ ചേയ്സ് റെക്കോർഡ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിൻ്റൺ ഡികോക്കും റീസ ഹെൻറിക്സും നൽകിയത്. 44 പന്തിൽ 100 റൺസെടുത്ത ഡികോക്കും 68 റൺസെടുത്ത റീസ ഹെൻറിക്സും ആദ്യ വിക്കറ്റിൽ 152 റൺസ് നേടിയ ശേഷമാണ് പുറത്തായത്. എയ്ഡൻ മാക്രം പുറത്താകാതെ 38 റൺസ് കൂടി നേടിയപ്പോൾ 7 പന്തുകൾ കൂടി ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക വിജയം കുറിച്ചത്.