ക്രിക്കറ്റ് നിരീക്ഷകര്‍ പ്രവചിച്ചത് തന്നെ നടന്നു. ഇന്ത്യക്കെതിരെ തുടക്കത്തില്‍ തന്നെ തങ്ങളുടെ വജ്രായുധം പുറത്തെടുത്ത് പാക്കിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആറ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തങ്ങളുടെ തുറുപ്പുചീട്ടായ ഷഹീന്‍ ഷാ അഫ്രീദിയെ ഉപയോഗിച്ചാണ് ഇന്ത്യയുടെ വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയാണ് ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ തന്നെ പുറത്താക്കിയത്.
ഷഹീന്‍ അഫ്രീദിയെ വളരെ സൂക്ഷിച്ചുവേണം കളിക്കാനെന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍, രാഹുലും രോഹിത്തും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായി. കെ.എല്‍.രാഹുല്‍ (മൂന്ന്) ബൗള്‍ഡ് ആകുകയായിരുന്നു. നിര്‍ണായകമായ ആദ്യ ഓവറില്‍ ഷഹീന്‍ അഫ്രീദി വിട്ടുകൊടുത്തത് രണ്ട് റണ്‍സ് മാത്രമാണ്.