ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവം തന്നെ നടത്തിയ ബാറ്റിങ് താരമാണ് വിരേന്ദർ സെവാഗ്. ഏകദിനത്തിൽ മാത്രമല്ല ടെസ്റ്റ് മത്സരങ്ങളിലും ഓപ്പണററുടെ റോൾ എന്താകണമെന്ന ധാരണകളെ പൊളിച്ചടുക്കിയ പ്രതിഭ. സ്പിന്നറോ, പേസറോ എന്ന വ്യത്യാസമില്ലാതെ ബൗളർമാരെ അടിച്ചൊതുക്കിയ സെവാഗായിരുന്നു പിന്നീട് വന്ന ഇന്ത്യൻ താരങ്ങളെ ഫിയർലെസ് ക്രിക്കറ്റ് എന്താണെന്ന് പഠിപ്പിച്ചത്. ഇപ്പോളിതാ തന്റെ കരിയറിന്റെ ഒരു ഘട്ടത്തില്‍ തനിക്കും വെല്ലുവിളികള്‍ നേരിട്ടതായും ചിലരുടെ സഹായമാണ് തന്നെ രക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ബാറ്റിങ്ങിനിടെയുള്ള ഫൂട്ട് വർക്കിന്റെ കാര്യത്തിൽ കരിയറിന്റെ തുടക്കകാലത്തു സെവാഗ് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. മതിയായ ഫുട്ട്‌വര്‍ക്കില്ലാതെയാണ് ബാറ്റ് ചെയ്യുന്നതെന്നും ഇതു പരിഹരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലനിൽക്കില്ലെന്നും പലരും മുന്നറിയിപ്പ് നൽകി. തന്റെ ഫുട്ട് വര്‍ക്കിനെ പോരായ്മകള്‍ കരിയറിന്റെ തുടക്കകാലത്തു പല വിദഗ്ധരും മുന്‍ താരങ്ങളുമെല്ലാം ചൂണ്ടിക്കാട്ടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സെവാഗ് പറയുന്നു.
ഈ സമയത്ത് 3 പേർ മാത്രമാണ് സഹായത്തിനെത്തിയത്. മുന്‍ താരങ്ങളായ ടൈഗര്‍ പട്ടൗഡി, സുനില്‍ ഗവാസ്‌കര്‍, കെ ശ്രീകാന്ത് എന്നിവരാണ് ആ താരങ്ങൾ. ഫുട്ട് വര്‍ക്കിനെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് ബാറ്റിങിനിടെയുള്ള നില്‍പ്പില്‍ മാറ്റം വരുത്തുന്നത് ആയിരിക്കുമെന്നായിരുന്നു അവരുടെ ഉപദേശം. ഈ നിർദേശം സ്വീകരിച്ചതോടെ ബോളുമായി കൂടുതല്‍ ക്ലോസാവാന്‍ എനിക്ക് സാധിച്ചു. ഇതു എന്റെ ഗെയിം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ക്രെഡിറ്റ് ഈ മൂന്നു പേര്‍ക്കാണെന്നും സെവാഗ് പറഞ്ഞു.