ബെംഗളുരു: വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനവുമായി മലയാളികളുടെ പ്രിയതാരം സാഞ്ജു സാംസൺ. 29 പന്തിൽനിന്നും 61 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തിൽ റോബിൻ ഉത്തപ്പയും, വിഷ്ണു വിനോദും സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് സഞ്ജുവിന്റെ തകർപ്പൻ പ്രകടനം. ആറ് ഫോറും നാലു സിക്സറുകളും പറത്തിയാണ് താരത്തിന്റെ പ്രകടനം. 210.34 ആണ് സ്ട്രൈക്ക് റേറ്റ്. കേരള സ്കോർ 277ൽ നിൽക്കെ സച്ചിൻ ബേബി പുറത്തായതിന് പിന്നാലെ സമാനമായ രീതിയിൽ തന്നെ സഞ്ജുവും പുറത്താവുകയായായിരുന്നു. പ്രദീപ് പൂജാറിന്റെ ഡെലിവറിയില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്താണ് രണ്ട് പേരും പുറത്തായത്.
കേരളത്തിനായി ഓപ്പണർമാരായ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദും മികച്ച പ്രകടനം തന്നെ നടത്തി. 104 പന്തിൽനിന്നും 100 റൺസ് തികച്ചാണ് ഉത്തപ്പ മടങ്ങിയത്. എട്ട് ഫൊറും അഞ്ച് സിക്സറുകളും ഉൾക്കൊള്ളുന്നതാണ് ഈ പ്രകടനം. വിഷ്ണു വിനോദ് 107 പന്തിൽനിന്നും 107 റൺസും നേടി. 5 ഫോറും നാലു സിക്സറുകളും അടങ്ങുന്നതാണ് വിഷ്‌ണു വിനോദിന്റെ സെഞ്ച്വറി പ്രകടനം. എന്നാൽ സച്ചിൻ ബേബിയ്ക്കും മുഹമ്മദ് അസ്‌ഹറുദ്ദീനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല, സച്ചിൻ ബേബി ഒരു റണ്ണിനും മുഹമ്മദ് അസ്‌ഹറുദ്ദീൻ അഞ്ച് റൺസിനും മടങ്ങി.