Sanju Samson: സഞ്ജുവിനെ പോലെ ഭാഗ്യംകെട്ട വേറൊരു കളിക്കാരനും ഇന്ത്യന്‍ ടീമില്‍ കാണില്ല; നഷ്ടപ്പെടുത്തിയത് ഹീറോ ആകാനുള്ള അവസരം
യുവതാരങ്ങളായ ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത് ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്
Sanju Samson: പല തവണ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ വളരെ കുറവ് അവസരങ്ങള്‍ ലഭിച്ച താരമാണ് സഞ്ജു സാംസണ്‍. ഇപ്പോള്‍ ഇതാ ഇന്ത്യ തലമുറ മാറ്റം നടപ്പിലാക്കാന്‍ ഒരുങ്ങുമ്പോള്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാനുള്ള അവസരമാണ് സഞ്ജുവിന് വന്നുചേര്‍ന്നിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു. അപ്പോഴാണ് നിര്‍ഭാഗ്യം റണ്‍ഔട്ടിന്റെ രൂപത്തില്‍ സഞ്ജുവിനെ തേടിയെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി 20 യില്‍ ഇന്ത്യ നാല് റണ്‍സിനാണ് തോറ്റത്. എന്നാല്‍ സഞ്ജു ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ആ തോല്‍വി സംഭവിക്കില്ലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
യുവതാരങ്ങളായ ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത് ഹാര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. 30 പന്തില്‍ നിന്ന് 37 റണ്‍സ് ജയിക്കാന്‍ എന്ന അവസ്ഥയില്‍ വരെ കാര്യങ്ങള്‍ എത്തിയതാണ്. എന്നാല്‍ 16-ാം ഓവറില്‍ കാര്യങ്ങളെല്ലാം ഇന്ത്യക്ക് എതിരായി. ഈ ഓവറില്‍ ഹാര്‍ദിക്കിനേയും സഞ്ജുവിനേയും ഇന്ത്യക്ക് നഷ്ടമായി. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡ് ആയി ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യം മടങ്ങിയത്. തൊട്ടുപിന്നാലെ സഞ്ജുവും കൂടാരം കയറി.
അക്ഷര്‍ പട്ടേലുമായുള്ള ആശയക്കുഴപ്പത്തിനിടെയാണ് സഞ്ജുവിന്റെ റണ്‍ഔട്ട്. കെയ്ല്‍ മയേഴ്‌സ് ഡയറക്ട് ത്രോയിലൂടെയാണ് സഞ്ജുവിനെ പുറത്താക്കിയത്. റണ്‍ഔട്ട് ആയില്ലായിരുന്നെങ്കില്‍ സഞ്ജു കളി ഫിനിഷ് ചെയ്യുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്യുമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. 2019 ലോകകപ്പില്‍ മഹേന്ദ്രസിങ് ധോണി റണ്‍ഔട്ട് ആയതിനോടാണ് ആരാധകര്‍ സഞ്ജുവിന്റെ റണ്‍ഔട്ടിനെ താരതമ്യം ചെയ്യുന്നത്. സഞ്ജു കൂടി ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.
ഈ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അടുത്ത ടി 20 മത്സരങ്ങളിലെല്ലാം സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഒരു സ്ഥാനം ഇപ്പോഴേ ഉറപ്പിക്കാമായിരുന്നു. മാത്രമല്ല ഏകദിന ലോകകപ്പിലേക്കും ഏഷ്യാ കപ്പിലേക്കും സഞ്ജു പരിഗണിക്കപ്പെടുകയും ചെയ്‌തേനെ. നിര്‍ഭാഗ്യം കാരണം സുവര്‍ണാവസരമാണ് സഞ്ജുവിന് നഷ്ടമായതെന്നാണ് ആരാധകരുടെ അഭിപ്രായം.