ഐപിഎല്ലില്‍ ഏറെക്കാലമായി രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ഓര്‍മയില്‍ നില്‍ക്കുന്ന ചുരുക്കം പ്രകടനങ്ങള്‍ മാത്രമാണ് റിയാന്‍ പരാഗ് രാജസ്ഥാനായി നടത്തിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളിലും പരാഗ് നിറം മങ്ങിയതോടെയാണ് ധ്രുവ് ജുറലിന് രാജസ്ഥാന്‍ ടീമില്‍ സ്ഥാനം ലഭിച്ചത്. പരാഗിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതില്‍ രാജസ്ഥാന്‍ ടീമിനെതിരെയും നായകന്‍ സഞ്ജു സാംസണിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സീസണിലെ ആദ്യ മത്സരം കൊണ്ട് തന്നെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
ഇത്തവണ സ്ഥാനക്കയറ്റം നല്‍കി നാലാം നമ്പറിലാണ് രാജസ്ഥാന്‍ പരാഗിനെ കളിപ്പിച്ചത്. ആദ്യ ഇലവനില്‍ പരാഗിനെ കണ്ടതും നെറ്റി ചുളിച്ചവര്‍ കുറവല്ല. എന്നാല്‍ ലഖ്‌നവിനെതിരായ മത്സരത്തില്‍ നായകന്‍ സഞ്ജു സാംസണിനൊപ്പം നിര്‍ണായകമായ കൂട്ടുക്കെട്ടുണ്ടാക്കാനും 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തിരുന്നു. തിരിച്ചുവരവിലെ തന്റെ മികച്ച പ്രകടനത്തിന്റെ കാരണങ്ങളില്‍ ഒന്ന് സഞ്ജു സാംസണ്‍ നല്‍കിയ ഉപദേശമാണെന്ന് പരാഗ് പറയുന്നു.
ഇത്തവണ ഐപിഎല്ലിന് മുന്‍പ് ഏതാനും പുതിയ ഷോട്ടുകള്‍ ഞാന്‍ പരീക്ഷിച്ചിരുന്നു. ലഖ്‌നൗനെതിരെ സഞ്ജു ഭയ്യക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഓരോ പന്ത് കഴിയുമ്പോഴും ഞാന്‍ ചെന്ന് ചോദിക്കും ആ ഷോട്ട് കളിക്കട്ടെയെന്ന്. ഓരോ തവണയും സഞ്ജു ഭയ്യ നോ പറയും. ഈ പിച്ചില്‍ ആ ഷോട്ട് എളുപ്പമല്ലെന്നാണ് പറഞ്ഞത്. പകല്‍ മത്സരമായതിനാല്‍ പന്ത് വിചാരിച്ച പോലെ ബാറ്റിലേക്ക് വരുന്നില്ലായിരുന്നു. അത് പോലെ ബൗണ്‍സും കുറവായിരുന്നു. അതുകൊണ്ട് റിസ്‌കി ഷോട്ട് വേണ്ടെന്നാണ് സഞ്ജു ഭയ്യ പറഞ്ഞത്. സഞ്ജു ഭയ്യ ഇല്ലായിരുന്നെങ്കില്‍ റിസ്‌കി ഷോട്ടുകള്‍ക്ക് ഞാന്‍ ശ്രമിച്ചേനെയെന്നും റിയാന്‍ പരാഗ് പറഞ്ഞു. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നെങ്കിലും തനിക്ക് വിഷമം തോന്നുമായിരുന്നില്ലെന്നും പരാഗ് വ്യക്തമാക്കി.