ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ താത്കാലികമായാണ് പരിശീലക ചുമതല ജയസൂര്യ ഏറ്റെടുത്തത്. ഇനി മുതല്‍ ശ്രീലങ്കയുടെ 3 ഫോര്‍മാറ്റിലെയും പരിശീലകചുമതല ജയസൂര്യയ്ക്കായിരിക്കും.
ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെയും മികച്ച പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഇതോടെയാണ് ജയസൂര്യയുമായുള്ള കരാര്‍ 2026 മാര്‍ച്ച് 31 വരെ നീട്ടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകചുമതല ഏറ്റെടുത്തത്. ടി20യില്‍ പരാജയമായെങ്കിലും ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര നേടാനും ടെസ്റ്റില്‍ ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ലങ്കയ്ക്ക് സാധിച്ചിരുന്നു.