ഇന്ത്യൻ ക്രിക്കറ്റിൽ അത്രയധികം ചർച്ച ചെയ്യപ്പെടാത്ത താരങ്ങളിൽ ഒരാളാണ് സഹീർ ഖാൻ. ക്യാപ്റ്റന്മാരായ ധോണിയുടെയും ഗാംഗുലിയുടെയും കീഴിൽ കളിച്ചിട്ടുള്ള താരമാണ് സഹീർ ഖാൻ. ഇപ്പോഹിതാ, ഗൗരവ് കപൂർ നടത്തിയ യൂ ട്യൂബ് ചാറ്റ് ഷോയിൽ ഗാംഗുലിയുടേയും ധൊണിയുടേയും ക്യാപ്റ്റൻസിയെ കുറിച്ച് പറയുകയാണ് സഹീർ ഖാൻ.
ഇരുവരുടെയും കീഴിൽ വളരെക്കാലം കളിച്ചിട്ടുള്ള താരങ്ങളിൽ ഒരാളാണ് സഹീർ ഖാൻ. അന്താരാഷ്ട്ര തലത്തിൽ ഒരു കളിക്കാരൻ കളിച്ച് തുടങ്ങുമ്പോൾ മുതൽ വലിയ പിന്തുണ നൽകുന്നയാളായിരുന്നു ഗാംഗുലിയെന്ന് അദ്ദേഹം പറഞ്ഞു. തുടക്കക്കാർക്ക് ഗാംഗുലി നൽകുന്ന പിന്തുണ വളരെ വലുതാണ്.
അതുപോലെ തന്നെയാണ് എംഎസ് ധോണിയും. ഇന്ത്യൻ ടീമിന്റെ നായകനായി ധോണി എത്തിയപ്പോഴും അങ്ങനെ തന്നെയായിരുന്നു. വീരേന്ദർ സെവാഗ്, യുവരാജ് സിങ്, സഹീർ ഖാൻ തുടങ്ങിയ താരങ്ങളെയാണ് ധോണി നയിച്ചത്. പതുക്കെ പതുക്കെ സീനിയർ താരങ്ങൾ വിരമിച്ച് തുടങ്ങിയതോടെ യുവതാരങ്ങളെ വളർത്തിയെടുക്കാൻ ധോണിയും ഏറെ ശ്രദ്ധിച്ചിരുന്നുവെന്ന് സഹീർ വ്യക്തമാക്കി.
യുവതാരങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഗാംഗുലിയും ധോണിയും ഒരുപോലെ ആയിരുന്നെന്ന് സഹീർ ഖാൻ പറഞ്ഞു. തനിക്ക് ശേഷം ടീമിനെ നയിക്കാൻ പാകത്തിനു ആൾക്കാരെ വളർത്തിയെടുക്കുക എന്നതാണ് ഒരു ക്യാപ്റ്റന്റെ ചുമതല. അത് നിർവഹിക്കുന്ന കാര്യത്തിൽ ഗാംഗുലിയും ധോണിയും മികച്ച് നിന്നിരുന്നുവെന്ന് സഹീർ പറയുന്നു. തങ്ങളുടെ കാലം കഴിഞ്ഞാലും ടീമിനെ മുന്നോട്ട് നയിക്കുന്നതിൽ ക്യാപ്റ്റൻമാരുടെ പങ്ക് വളരെ പ്രധാനമാണെന്നും സഹീർ കൂട്ടിച്ചേർത്തു.