സീ ന്യൂസിൻ്റെ ഒളിക്യാമറയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സെലക്ടറായ ചേതൻ ശർമ നടത്തിയ വെളിപ്പെടുത്തലുകളോടെ നാണം കെട്ടിരിക്കുകയാണ് ബിസിസിഐ. ഇന്ത്യൻ ക്രിക്കറ്റിലെ രഹസ്യങ്ങൾ പരസ്യമാക്കിയ ചേതൻ ശർമയെ വൈകാതെ തന്നെ ചീഫ് സെലക്ടർ സ്ഥാനത്ത് നീക്കുമെന്നാണ് സൂചന.
വിരാട് കോലിയെ ഏകദിന ടീമിൻ്റെ നായകസ്ഥാനത്ത് നിന്നും പുറത്താക്കാൻ കാരണം ബിസിസിഐ പ്രസിഡൻ്റായ സൗരവ് ഗാംഗുലിയുടെ അനിഷ്ടമാണെന്നും പൂർണമായും ഫിറ്റല്ലാത്ത താരങ്ങൾ ഇഞ്ചക്ഷനടിച്ച് കളിക്കാനിറങ്ങാറുണ്ടെന്നും നിരവധി വെളിപ്പെടുത്തലുകളാണ് ചേതൻ ശർമ നടത്തിയത്.
ഇതോടെ മുഖം രക്ഷിക്കുന്നതിനായി സെലക്ഷൻ കമ്മിറ്റിയെ തന്നെ മാറ്റിമറിക്കാനൊരുങ്ങുകയാണ് ബിസിസിഐ. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയെയാണ് മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത്. വിരേന്ദർ സെവാഗ്, എസ് ശ്രീശാന്ത് എന്നീ മുൻ താരങ്ങളെയും ബിസിസിഐ മുഖ്യ സെലക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വാതുവെയ്പ് വിവാദത്തിൽ നേരത്തെ അകപ്പെട്ടിരുന്നെങ്കിലും നിരപരാധിയെന്ന് തെളിഞ്ഞതോടെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് കളിച്ച താരമാണ് എന്നതും ദക്ഷിണേന്ത്യയിൽ നിന്നുമുള്ള താരമാണ് എന്നതും ശ്രീശാന്തിന് അനുകൂലഘടകങ്ങളാണ്.
ഇന്ത്യയുടെ മുൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ്. മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസ് എന്നിവരാണ് മുഖ്യ സെലക്ടറാകാൻ സാധ്യതയുള്ള മറ്റ് താരങ്ങൾ.