ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കെ.എല്‍.രാഹുലിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത് രോഹിത് ശര്‍മ കൂടി സമ്മതിച്ച ശേഷമെന്ന് ടീം ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍. സൂര്യകുമാര്‍ യാദവിന് പുറംവേദനയായിരുന്നു. പ്ലേയിങ് ഇലവനില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യം വന്നു. സൂര്യകുമാറിന് പകരം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ പരിഗണിക്കാനാണ് ആലോചിച്ചത്. അങ്ങനെയാണ് ഇഷാന്‍ കിഷനെ ഓപ്പണറാക്കാന്‍ തീരുമാനിച്ചതെന്ന് വിക്രം റാത്തോര്‍ പറഞ്ഞു.
'പ്ലേയിങ് ഇലവനില്‍ കളിക്കാന്‍ സാധിക്കുന്നവിധം സൂര്യ ഫിസിക്കലി ഫിറ്റായിരുന്നില്ല. ഐപിഎല്ലില്‍ ഓപ്പണറായി നല്ല പ്രകടനം നടത്തിയതിനാല്‍ സൂര്യകുമാറിന് പകരം ആദ്യ പരിഗണന ഇഷാന് തന്നെയായിരുന്നു. മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാവരും ഇതേകുറിച്ച് ചര്‍ച്ച ചെയ്തു. തീര്‍ച്ചയായും രോഹിത് ശര്‍മയും ആ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇഷാനെ ഓപ്പണറാക്കാന്‍ ഒത്തൊരുമിച്ചാണ് തീരുമാനം എടുത്തത്. ഓപ്പണറായി ഒരു ഇടംകൈയന്‍ വരുന്നത് ഗുണം ചെയ്യുമെന്ന് അഭിപ്രായമുണ്ടായി. മധ്യനിരയില്‍ തുടര്‍ച്ചയായി ഇടംകൈയന്‍ ബാറ്റര്‍മാര്‍ വരുന്നത് നല്ലതല്ല. മധ്യനിരയില്‍ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ഉണ്ട്. ഇഷാന്‍ കിഷനും മധ്യനിരയിലേക്ക് എത്തുന്നത് അത്ര നല്ല തീരുമാനമാകില്ല. സാങ്കേതികമായി ചിന്തിക്കുമ്പോള്‍ ഇഷാന്‍ ഓപ്പണറാകുക തന്നെയാണ് നല്ലത്. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. രോഹിത്തിനും ഇതേകുറിച്ച് അറിയാം,' വിക്രം റാത്തോര്‍ പറഞ്ഞു.