Rohit Sharma: ഇങ്ങനെയൊരു നാണക്കേട് മറ്റാര്‍ക്കും ഇല്ല, അശ്രദ്ധ കാരണം മോശം റെക്കോര്‍ഡില്‍ പേര് എഴുതി ചേര്‍ത്ത് ഇന്ത്യന്‍ നായകന്‍
അതേസമയം, ഈ സ്റ്റംപിങ് വിക്കറ്റിലൂടെ ഇന്ത്യന്‍ നായകനെ തേടി മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ടായിരുന്നു
Rohit Sharma: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ രോഹിത് പുറത്തായ രീതിയാണ് ആരാധകരെ ചൊടിപ്പിച്ചത്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാതെ അനാവശ്യ തിടുക്കം കാണിച്ചാണ് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു.
23 പന്തില്‍ നിന്ന് 12 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. സ്പിന്നര്‍ മാത്യു കുഹ്നെമന്‍ ആണ് രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. കുഹ്നെമന്നിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി രോഹിത്തിനെ സ്റ്റംപ് ചെയ്യുകയായിരുന്നു. സ്പിന്നിനെ ആക്രമിച്ചു കളിക്കാന്‍ ക്രീസില്‍ നിന്ന് പുറത്തുകടന്നതാണ് രോഹിത്തിന് വിനയായത്.
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ക്രീസില്‍ നിന്ന് ഇറങ്ങി കളിക്കാനുള്ള തീരുമാനം ആനമണ്ടത്തരമായെന്നാണ് ആരാധകരുടെ വിമര്‍ശനം. സ്പിന്നിന് മികച്ച ടേണ്‍ കിട്ടുന്നത് കണ്ടെങ്കിലും ക്രീസില്‍ ക്ഷമയോടെ നില്‍ക്കാനുള്ള ഏകാഗ്രത രോഹിത് കാണിക്കണമായിരുന്നെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.
അതേസമയം, ഈ സ്റ്റംപിങ് വിക്കറ്റിലൂടെ ഇന്ത്യന്‍ നായകനെ തേടി മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് രോഹിത്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ സ്റ്റംപിങ്ങിലൂടെ പുറത്തായിട്ടില്ല. ഓസ്ട്രേലിയയുടെ രണ്ടു ക്യാപ്റ്റന്‍മാര്‍ നേരത്തേ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ സ്റ്റംപ് ചെയ്യപ്പെട്ടിട്ടുണ്ട്. മുന്‍ നായകന്‍മാരായ മൈക്കല്‍ ക്ലാര്‍ക്ക്, ഷെയ്ന്‍ വാട്സണ്‍ എന്നിവരാണിത്. 2013 ലെ പരമ്പരയിലായിരുന്നു ഇരുവരും സ്റ്റംപ് ചെയ്യപ്പെട്ടത്.