ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയെങ്കിലും വളരെ മികച്ച തുടക്കമാണ് കിവികൾക്ക് ലഭിച്ചത്. ഒരു സാഹചര്യത്തിൽ മാർട്ടിൻ ഗപ്ടിലും കോളിന്‍ മണ്‍റോയും വളരെ അപകടകരമായ രീതിയിലാണ് കീവിസിന് വേണ്ടി റൺസുകൾ കണ്ടെത്തിയിരുന്നത്. ഒടുവിൽ ശിവം ദുബേയെ ഉയർത്തിയടിക്കുമ്പോള്‍ മാര്‍ട്ടിന്‍ ഗപ്‌ടിൽ ഒരു സിക്സ് തന്നെയായിരുന്നു ഉറപ്പിച്ചിരുന്നതും അതിർത്തിയിൽ സാഹസികമായി രോഹിത് ശർമ്മ ഒരു ക്യാച്ച് നേടുമെന്ന് ആര് പ്രതീക്ഷിക്കാൻ.
എന്നാൽ തന്റെ ആരാധകരെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് ബൗണ്ടറിലൈനില്‍ തൊട്ടു തൊട്ടില്ല എന്ന കണക്കാണ് രോഹിത് പന്ത് പിടികൂടിയത്. എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ ശിവം ദുബേ ഇന്ത്യക്ക് ആദ്യ ബ്രേക്ക്‌ത്രൂ നൽകുമ്പോൾ കിവികൾ 80 റൺസിലെത്തിയിരുന്നെന്ന് ഓർക്കുമ്പോളാണ് ആ ക്യാച്ച് എത്ര നിർണായകമായിരുന്നുവെന്ന് വ്യക്തമാകുക. വളരെ സാഹസികമായി തന്റെ ശരീരത്തിൽ പൂർണനിയന്ത്രണം വരുത്തിയാണ് ഫീൽഡിങ്ങ് മികവിന്റെ പേരിൽ പല തവണ പഴി കേൾക്കേണ്ടി വന്ന രോഹിത് ആ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ഗപ്ടിലറ്റക്കമുള്ള മുൻനിര ബാറ്റ്സ്മാന്മാർ തകർത്തടിച്ചപ്പോൾ 203 റൺസാണ് കിവികൾ ഇന്ത്യക്കെതിരെ അടിച്ചെടുത്തത്.