ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ആദ്യ അഞ്ചിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായി. ടെസ്റ്റിലെ തുടർച്ചയായ മോശം പ്രകടനമാണ് കോലിക്ക് തിരിച്ചടിയായത്. ടെസ്റ്റിൽ ഇന്ത്യയുടെ നമ്പർ വൺ ബാറ്റ്സ്മാനെന്ന കോലിയുടെ നേട്ടവും ഇതോടെ അവസാനിച്ചു. ഇതാദ്യമായി കോലിയെ പിന്തള്ളി ഹിറ്റ്‌മാൻ രോഹിത് ശർമ ടെസ്റ്റ് റാങ്കിങിൽ ഇടം പിടിച്ചു. ഐസിസി പട്ടികയിൽ അഞ്ചാമതാണ് ഇന്ത്യൻ താരം.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഐസിസി ടെസ്റ്റ് റാങ്കിങിലെ ആദ്യ അഞ്ചിൽ നിന്നും കോലി പുറത്താവുന്നത്. നിലവിൽ റാങ്കിങിൽ ആറാമതാണ് ഇന്ത്യൻ നായകൻ. അതേസമയം ടെസ്റ്റ് കരിയറില്‍ രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന റാങ്കിങ് ആണിത്. ടെസ്റ്റിൽ ഓപ്പണറായി വന്ന് വെറും 2 വർഷം കൊണ്ടാണ് രോഹിത് ടോപ്പ് ഫൈവിൽ ഇടം പിടിച്ചത്.
2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ നടന്ന പരമ്പരയിലായിരുന്നു രോഹിത് ആദ്യമായി ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാനായി കളിച്ചത്. അന്ന് 54ആം സ്ഥാനത്തായിരുന്നു രോഹിത്. നിലവിൽ 773 പോയന്റാണ് രോഹിത്തിനുള്ളത്. 766 പോയന്റുകളാണ് ആറാം സ്ഥാനത്തുള്ള കോലിക്കുള്ളത്. 916 പോയന്റുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ടാണ് പട്ടികയിൽ ഒന്നാമതുള്ളത്.
901 പോയന്റുമായി ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ രണ്ടാമതും 891 പോയന്റുമായി സ്റ്റീവ് സ്മിത്ത് മൂന്നാമതുമാണ്. 878 പോയന്റുകളുള്ള മാർനസ് ലബുഷെയ്‌നാണ് പട്ടികയിൽ നാലാമതുള്ളത്. 749 പോയന്റുമായി പാകിസ്ഥാൻ നായകൻ ബാബർ അസമാണ് കോലിക്ക് പിന്നിൽ ഏഴാം സ്ഥാനത്തുള്ളത്.