ഇംഗ്ലണ്ടിനെതിരായ വിമർശകരുടെ വായ മൂടിക്കെട്ടിയ സെഞ്ചുറി പ്രകടനത്തോടെ റെക്കോർഡുകളുടെ കൂമ്പാരം തീർത്ത് ഹിറ്റ്‌മാൻ രോഹിത് ശർമ. 231 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും 18 ഫോറുമടക്കം 161 റണ്‍സെടുത്താണ് ഇംഗ്ലണ്ടിനെതിരെ രോഹിത് പുറത്തായത്.
ക്രിക്കറ്റിന്റെ എല്ലാം ഫോർമാറ്റിലും വ്യത്യസ്‌തമായ നാലു ടീമുകൾക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ താരമായി രോഹിത്. മറ്റാർക്കും തന്നെ എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന നേട്ടമല്ല ഇത്. ഇംഗ്ലണ്ടിനെ കൂടാതെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായാണ് രോഹിത് സെഞ്ചുറി.
അതേസമയം വിദേശത്ത് ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന മുഹമ്മദ് അസ്‌ഹറുദ്ധീന്റെ റെക്കോർഡ് രോഹിത് മറികടന്നു. 7 സെഞ്ചുറികളാണ് രോഹിത് ഇന്ത്യൻ മണ്ണിൽ നിന്നും നേടിയത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രോഹിത്തിന്റെ നാലാം സെഞ്ചുറി കൂടിയാണിത്.
സ്വന്തം മണ്ണിൽ രാജ്യാന്തര ക്രിക്കറ്റിൽ 200 സിക്‌സുകൾ സ്വന്തമാക്കുന്ന ആദ്യതാരമെന്ന റെക്കോർഡും മത്സരത്തിൽ രോഹിത്തിന് സ്വന്തമായി. 150ന് മുകളിൽ ഇത് നാലാം വട്ടമാണ് രോഹിത് സ്കോർ ചെയ്യുന്നത്.