റിഷഭ് പന്തിന്റെ ക്രിക്കറ്റ് കരിയര്‍ ആശങ്കയില്‍; ഉടന്‍ മടങ്ങിയെത്തില്ല, ഐപിഎല്ലും നഷ്ടമാകും
വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ മടങ്ങിവരവ് വൈകും. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയും ഐപിഎല്ലും പന്തിന് പൂര്‍ണമായും നഷ്ടമാകും. ഏകദേശം മൂന്ന് മാസത്തോളം പന്തിന് പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പന്തിന്റെ മുറിവുകളില്‍ അണുബാധയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളുമായി ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിഗ്മെന്റ് പരുക്കാണ് പന്തിന് കൂടുതല്‍ തിരിച്ചടിയായിരിക്കുന്നത്. ലിഗ്മെന്റ് സാധാരണ നിലയിലാകണമെങ്കില്‍ താരത്തിനു കൂടുതല്‍ വിശ്രമം വേണ്ടിവരും.
അതേസമയം, വാഹനാപകടത്തില്‍ പരുക്കേറ്റ റിഷഭ് പന്ത് അപകടനില തരണം ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ കാറിനു തീപിടിച്ചത്. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയ്ക്ക് സമീപം റൂര്‍ക്കിയില്‍ നാര്‍സന്‍ ബൗണ്ടറിയില്‍ വെച്ചാണ് പന്ത് ഓടിച്ചിരുന്ന മെഴ്സിഡസ് ബെന്‍സ് അപകടത്തില്‍പ്പെടുന്നത്.
കാറിനു തീപിടിക്കാന്‍ തുടങ്ങിയപ്പോള്‍ കാറിന്റെ ചില്ല് പൊട്ടിച്ച് റിഷഭ് പന്ത് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ താരത്തിന്റെ ദേഹത്ത് സാരമായ പരുക്കേറ്റിട്ടുണ്ട്. കാറില്‍ പന്ത് തനിച്ചായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കാറില്‍ നിന്ന് പുറത്തേക്ക് ചാടുന്നതിനിടെയിലാണ് പന്തിന്റെ തലയ്ക്കും പരുക്കേറ്റത്.
ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.