ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ താനില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ദ്രാവിഡ്. ടി 20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിയും. ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ ബിസിസിഐ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏതാണ്ട് ഒരു മാസമായി. എന്നാല്‍, സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തല്‍ക്കാലം താല്‍പര്യമില്ലെന്ന് ദ്രാവിഡ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ സേവനം തുടരാനും ജൂനിയര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ദ്രാവിഡ് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ദ്രാവിഡ് വിസമ്മതം അറിയിച്ച സാഹചര്യത്തില്‍ ഏതെങ്കിലും വിദേശ പരിശീലകനെ ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനാക്കാന്‍ സാധ്യത തെളിഞ്ഞു. ഇതിനായി ബിസിസിഐ പരസ്യം നല്‍കും.