ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ താരം രവിചന്ദ്രന്‍ അശ്വിനെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്ക് നിരാശ. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിവരുന്ന അശ്വിനെ ഇംഗ്ലണ്ടിനെതിരെ തഴഞ്ഞത് ബുദ്ധിശൂന്യതയാണെന്ന് ട്വിറ്ററില്‍ നിരവധി പേര്‍ പ്രതികരിച്ചു. മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ അടക്കം അശ്വിനെ ഒഴിവാക്കിയതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഒന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ മാത്രമാണ് സ്പിന്നറായി ഇടം പിടിച്ചിട്ടുള്ളത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയ്ക്ക് പുറത്ത് കളിക്കുമ്പോള്‍ അശ്വിന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ 28.11 ആണ് അശ്വിന്റെ ശരാശരി. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരെ അശ്വിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരെ അശ്വിന് മാനസികമായ മേധാവിത്വം പുലര്‍ത്താനുള്ള കഴിവുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ അവസാന പരമ്പരയില്‍ നാല് ടെസ്റ്റുകളിലും അശ്വിന്‍ കളിച്ചു, പരമ്പരയില്‍ 32 വിക്കറ്റുകളുമായി അശ്വിന്‍ മാന്‍ ഓഫ് ദ് സീരിസ് നേടുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനെ രണ്ട് തവണയും വിക്കറ്റിനു മുന്നില്‍ കുരുക്കിയത് അശ്വിനാണ്.