ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ പല നാഴികകല്ലുകൾക്കും അടുത്താണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. ടെസ്റ്റിൽ 450 വിക്കറ്റുകൾ എന്ന നേട്ടത്തിലേയ്ക്കെത്താൻ ഒരു വിക്കറ്റ് കൂടിയാണ് അശ്വിന് വേണ്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റ് ക്ലബിലെത്തുന്ന ഒൻപതാമത്തെ താരമായി അശ്വിൻ മാറും.
ആദ്യ ടെസ്റ്റിൽ തന്നെ ഈ നേട്ടം സ്വന്തമാക്കാനായാൽ ടെസ്റ്റിൽ അതിവേഗത്തിൽ 450 വിക്കറ്റുകൾ എന്ന നേട്ടവും അശ്വിന് സ്വന്തമാവും. 88 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 449 വിക്കറ്റാണ് അശ്വിൻ്റെ സമ്പാദ്യം. ഓസീസിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അശ്വിൻ.18 ടെസ്റ്റുകളിൽ നിന്നും 89 വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. 20 ടെസ്റ്റിൽ നിന്നും 111 വിക്കറ്റുമായി ഇന്ത്യൻ താരം അനിൽ കുംബ്ലെയും 18 ടെസ്റ്റിൽ നിന്നും 95 വിക്കറ്റുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങുമാണ് അശ്വിന് മുന്നിലുള്ളത്.