ധോണിയെ പുകഴ്‌ത്തിയ പാക് അവതാരക വെട്ടില്‍; വിവാദമായത് രണ്ട് ട്വീറ്റുകള്‍ - വിമര്‍ശനവുമായി ആരാധകര്‍
ധോണിയെ പുകഴ്‌ത്തിയ പാക് അവതാരക വെട്ടില്‍; വിവാദമായത് രണ്ട് ട്വീറ്റുകള്‍ - വിമര്‍ശനവുമായി ആരാധകര്‍
ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മഹേന്ദ്ര സിംഗ് ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് ആഘോഷിക്കപ്പെടുകയാണ്. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനം.
ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗിനെ പുകഴ്‌ത്തി അതിര്‍ത്തിക്കപ്പുറത്തു നിന്നും അഭിനന്ദനമെത്തി. പാക് അവതാരക സൈനബ് അബ്ബാസാണ് മഹിയുടെ ബാറ്റിംഗിനെ പുകഴ്‌ത്തി അവര്‍ നടത്തിയ രണ്ട് ട്വീറ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
കളിയുടെ ഒരു ഘട്ടത്തില്‍ വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് ചെന്നൈ പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു സൈനബയുടെ ആദ്യ ട്വീറ്റ്. “ലോകത്തെ ഏറ്റവും മികച്ച ഫിനിഷറാണ് താനെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ധോണിക്ക് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണോ ?” - എന്നായിരുന്നു അവരുടെ കമന്റ്.
34 പന്തില്‍ നിന്ന് 70 റണ്‍സ് നേടി ധോണി ടീമിനെ ജയിപ്പിച്ചതിന് പിന്നാലെയാണ് സൈനബ് രണ്ടാമതും ട്വീറ്റ് ചെയ്‌തത്. “ആ അവസരം ധോണി ഉപയോഗപ്പെടുത്തിയിരിക്കുന്നു” - എന്നായിരുന്നു കമന്റ്. ഇതോടെയാണ് ഇവര്‍ക്കെതിരെ പാക് ആരാധകര്‍ രംഗത്തുവന്നത്.
ധോണിയെ പുകഴ്‌ത്തിയതാണ് പാകിസ്ഥാന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇന്ത്യ പാകിസ്ഥാനെ എല്ലാ മേഖലയിലും ഒഴിവാക്കുകയാണ്. ഐ പി എല്‍ മത്സരങ്ങളില്‍ നിന്നും ഇന്ത്യ പാക് താരങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐ പി എല്ലിനെ ഇങ്ങനെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ആരാധകര്‍ വ്യക്തമാക്കി.